തൊഴിലുറപ്പ് പണിക്കിടെ മരം മുറിഞ്ഞുവീണു: രണ്ട് സ്ത്രീകൾക്ക് ഗുരുതര പരിക്ക്
1417638
Saturday, April 20, 2024 6:24 AM IST
വിഴിഞ്ഞം :തൊഴിലുറപ്പ് തൊഴിലാളികളുടെ ദേഹത്തേക്ക് മരം മുറിഞ്ഞ് വീണ് രണ്ട് സ്ത്രീകൾക്ക് ഗുരുതര പരിക്കേറ്റു. മന്നോട്ട് കോണം സ്വദേശിനി മായാദേവി (53) ഉച്ചക്കട സ്വദേശിനി ബിന്ദു എന്നിവർക്കാണ് പരിക്കേറ്റത്.
കോട്ടുകാൽ പഞ്ചായത്തിലെ പുലിവിള വാർഡിൽ ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടം. പുലിവിള വാർഡിൽ തെങ്ങ് ഗവേഷണ കേന്ദ്രത്തിന് പിന്നിലായുള്ള സ്വകാര്യ ഭൂമിയിൽ മണ്ണ് സംരക്ഷണത്തിനായി തടയണ നിർമാണത്തിലേർപ്പെട്ട തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്.
ജോലിക്കിടെ ഉച്ചഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന ഇവരുടെ ദേഹത്തേക്ക് സമീപത്തെ മാവിന്റെ കൂറ്റൻ ശിഖരം മുറിഞ്ഞ് വീഴുകയായിരുന്നു. തൊട്ട് മാറി 30 ഓളം മറ്റ് തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടു.
അപകടം അറിഞ്ഞ് നാട്ടുകാരും വാർഡിലെ പഞ്ചായത്തംഗം സുരേഷും സ്ഥലത്തെത്തി പരിക്കേറ്റവരെ ആംബുലൻസിൽ ആദ്യം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ബിന്ദുവിന്റെ തലയ്ക്കും മായാ ദേവിയുടെ നട്ടെല്ലിനുമാണ് മരം വീണ് ഗുരുതര പരിക്കേറ്റത്.
കാലുകളുടെ ചലന ശേഷി നഷ്ടപ്പെട്ട മായാദേവിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതായും പഞ്ചായത്തംഗം സുരേഷ് പറഞ്ഞു.