പൈങ്കുനി ഉത്സവം: ഇന്ന് പള്ളിവേട്ട
1417650
Saturday, April 20, 2024 6:37 AM IST
തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളി വേട്ട ഇന്നു നടക്കും. ഉത്സവ ശീവേലിക്കു ശേഷമാണ് വേട്ടയ്ക്ക് എഴുന്നള്ളിപ്പ് ആരംഭിക്കുന്നത്. ശ്രീ പദ്മനാഭ സ്വാമിയുടെ വില്ലേന്തിയ വിഗ്രഹത്തിനൊപ്പം തിരുവന്പാടി ശ്രീകൃഷ്ണ സ്വാമിയേയും നരസിംഹ മൂർത്തിയേയും എഴുന്നള്ളിക്കും.
വാദ്യമേളങ്ങളില്ലാതെയാണ് വേട്ടപുറപ്പാട് സുന്ദരവിലാസം കൊട്ടാരത്തിനു മുന്നിലെ വേട്ടക്കളത്തിലെത്തുക. പ്രതീകാത്മകമായി കരിക്കിൽ അന്പെയ്തു വേട്ട നടത്തും. ഇതിനുശേഷം വടക്കേനട വഴി വിഗ്രഹങ്ങളെ ക്ഷേത്രത്തിലേക്ക് തിരി ച്ചെഴുന്നള്ളിക്കും.
നാളെ പുലർച്ചെ അഞ്ചിനു പശുവിനെ മണ്ഡപത്തിലെത്തിച്ച് പള്ളിക്കുറുപ്പ് ദർശനവും തുടർന്നു നിർമാല്യവും നടത്തും. വൈകുന്നേരം അഞ്ചിന് ആറാട്ടു ചടങ്ങുകൾ ആരംഭിക്കും. ദീപാരാധനയ്ക്കുശേഷം ആരംഭിക്കുന്ന ഘോഷയാത്ര ശംഖുംമുഖത്തെത്തി ആറാട്ടു ചടങ്ങുകൾ കഴിഞ്ഞു തിരികെ ക്ഷേത്രത്തിലെത്തുന്നതോടെ ഉത്സവം സമാപിക്കും.