ശക്തമായ തിരയിൽ വള്ളം മറിഞ്ഞു: മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്
1424990
Sunday, May 26, 2024 5:25 AM IST
വിഴിഞ്ഞം: ശക്തമായ തിരയിൽ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റും. വലയും, ജീപിഎസും, എൻജിനും നഷ്ടപ്പെട്ടു.
തമിഴ്നാട് കൊല്ലംകോട് സ്വദേശി ബനഡിക്ട്(55), പൂന്തുറ സ്വദേശികളായ ആൽഫ്രഡ് (55) , മിഖായേൽ (60) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.
ഇന്നലെ രാവിലെ പത്തരയോടെ വിഴിഞ്ഞം തുറമുഖ മൗത്തിന് സമീപമാണ് അപകടം. പുലർച്ചെ വിഴിഞ്ഞത്തു നിന്ന് വള്ളമിറക്കിയ സംഘം മീൻപിടിത്തംകഴിഞ്ഞ് മടങ്ങിവരുന്നതിനിടയിലായിരുന്നു അപകടം. ശക്തമായ തിരയടിയിൽപ്പെട്ട വള്ളം നിയന്ത്രണം തെറ്റി മറിയുകയായിരുന്നു.
പരിക്കേറ്റവരെ മറ്റ് വള്ളക്കാർ രക്ഷിച്ച് കരയിൽ എത്തിക്കുകയായിരുന്നു. വിഴിഞ്ഞം തീരദേശ പോലീസ് മേൽനടപടി സ്വീകരിച്ചു.