കൂട്ടത്തല്ല് നിഷേധിച്ച് കെഎസ്യു
1425250
Monday, May 27, 2024 1:37 AM IST
തിരുവനന്തപുരം: സംസ്ഥാന ക്യാമ്പിലെ കൂട്ടത്തല്ല് നിഷേധിച്ച് കെഎസ്യു നേതൃത്വം. ക്യാമ്പിൽ ചില തർക്കങ്ങൾ ഉണ്ടായി, അതിനെ പർവതീകരിച്ച് കാണിക്കാനാണ് ശ്രമം നടക്കുന്നതെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. സംഘർഷം ചില മാധ്യമങ്ങളുടെ അജണ്ടയാണ്.
ഒരു കാമ്പസിലെ വാട്സ്ആപ്പ് ഗ്രൂപ്പിലെ തർക്കത്തെ ചൊല്ലിയുള്ള പ്രശ്നമാണ് ക്യാമ്പിൽ ഉണ്ടായതെന്നും അലോഷ്യസ് സേവ്യർ മാധ്യമങ്ങളോട് പ്രതികരിച്ചു. സംഘടനയെ അപമാനിക്കാൻ ശ്രമിച്ചവർക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ കെപിസിസി അന്വേഷണത്തോട് സഹകരിക്കും. ക്യാമ്പിലെ ആഭ്യന്തര കാര്യങ്ങൾ പുറത്ത് ചർച്ചയാകാൻ കാരണക്കാരായവർക്കെതിരെ നടപടി ഉണ്ടാകുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
അന്വേഷിക്കാൻ കെപിസിസി
തിരുവനന്തപുരം: കെഎസ്യു പഠന ക്യാന്പിലെ സംഘർഷത്തെക്കുറിച്ച് കെപിസിസി പ്രസിഡന്റിന് ധാരാളം പരാതി കിട്ടിയെന്നും നിജസ്ഥിതി അന്വേഷിക്കുമെന്നും അന്വേഷണ കമ്മിറ്റി അംഗം എം.എം. നസീർ. കെഎസ്യു പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ തർക്കമാണ് പ്രശ്നത്തിനു കാരണമായത്.
ചില സംഘർഷങ്ങൾ നടന്നു. തിരുത്തൽ നടപടികൾ ഉണ്ടാകും. അന്വേഷണം കഴിഞ്ഞ് ആവശ്യമെങ്കിൽ നടപടി സ്വീകരിക്കുമെന്നും പ്രാഥമിക റിപ്പോർട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരനു നൽകുമെന്നും എം. എം. നസീർ കൂട്ടിച്ചേർത്തു. മൂന്നംഗ സമിതിയെയാണ് നിയോഗിച്ചിട്ടുള്ളത്. പഴകുളം മധു, എ.കെ ശശി എന്നിവരാണ് മറ്റ് അംഗങ്ങൾ.