പ്രാക്ടിക്കൽ കഴിഞ്ഞ് രണ്ടാംനാൾ ഫലം പ്രസിദ്ധീകരിച്ച് കേരള സർവകലാശാല
1425480
Tuesday, May 28, 2024 2:42 AM IST
തിരുവനന്തപുരം: പ്രാക്ടിക്കൽ പരീക്ഷ കഴിഞ്ഞ് രണ്ടാംദിനം ഫലം പ്രസിദ്ധീകരിച്ച കേരള സർവകലാശാലയുടേത് ചരിത്ര നേട്ടമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. വെള്ളിയാഴ്ച പ്രാക്ടിക്കൽ പരീക്ഷ അവസാനിച്ച ആറാം സെമസ്റ്റർ ബിഎസ്സി പരീക്ഷകളുടെ ഫലമാണ് സർവകലാശാല ഞായറാഴ്ച പ്രസിദ്ധീകരിച്ചത്.
പ്രാക്ടിക്കൽ, വൈവ എന്നിവ പൂർത്തിയായി ഏറ്റവും കുറഞ്ഞ ദിവസത്തിൽ ഫലപ്രഖ്യാപനം നടത്തിയെന്ന നേട്ടമാണ് ഇതിലൂടെ കേരള സർവകലാശാല കൈവരിച്ചത്. ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎ, ബിഎസ്സി കരിയർ റിലേറ്റഡ് കമ്പ്യൂട്ടർ സയൻസ്, ബിസിഎ, ബിബിഎ ലോജിസ്റ്റിക്സ് എന്നിവയുടെ പരീക്ഷാഫലവും ഇതോടൊപ്പം സർവകലാശാല പ്രസിദ്ധീകരിച്ചു. എംജി, കലിക്കറ്റ് സർവകലാശാലകൾ റെക്കോർഡ് വേഗത്തിൽ ഫലപ്രഖ്യാപനം നടത്തി കേരളത്തിന് അഭിമാനമായി നിൽക്കുന്ന വേളയിലാണ് കേരള സർവകലാശാലയുടെയും തിളക്കമാർന്ന ഈ മുന്നേറ്റമെന്നും മന്ത്രി പറഞ്ഞു.