ജലവിതരണം നിലച്ചിട്ട് ആഴ്ച്ചകൾ; ഊരൂട്ടമ്പലം പൊതുചന്തയിൽ കച്ചവടക്കാർ ദുരിതത്തിൽ
1425501
Tuesday, May 28, 2024 2:42 AM IST
കാട്ടാക്കട: ഊരൂട്ടമ്പലം പൊതുചന്തയിൽ കുടിവെള്ളം ലഭ്യമായിട്ട് ദിവസങ്ങളായെന്ന് കച്ചവടക്കാരുടെ പരാതി. ശക്തമായ മഴയിലും കുടിവെള്ളം ലഭ്യമാകാത്തതിന്റെ പ്രതിഷേധത്തിലാണ് നാട്ടുകാർ കഴിഞ്ഞ ഒന്നര വർഷം മുമ്പാണ് ചന്ത ലക്ഷങ്ങൾ മുടക്കി നവീകരിച്ചത്.
നവീകരണത്തെ തുടർന്ന് ചന്തയ്ക്കുള്ളിൽ തറയോട് വരെ പാകിയിട്ടുണ്ട്. ഇവിടം വിൽപന കഴിഞ്ഞ ശേഷം കച്ചവടക്കാർ തന്നെയാണ് ഓരോ ദിവസവും കഴുകി വൃത്തിയാക്കുന്നത്. എന്നാൽ ജലവിതരണം നിലയ്ച്ചതോടെ പ്രദേശം വൃത്തിയാക്കാൻ കഴിയാത്ത സാഹചര്യമെന്ന് കച്ചവടക്കാർ പറയുന്നു.
ഇതോടെ ചന്തയ്ക്ക് അകത്ത് വ്യത്തിഹീനമായ സാഹചര്യമാണ് നിലവിലുള്ളത്. ഇത് കച്ചവടത്തേയും ബാധിക്കുന്നുവെന്നാണ് കച്ചവടക്കാർ പറയുന്നത്.
ചന്തയ്ക്കുള്ളിൽ കച്ചവടക്കാർക്കും, പൊതു ജനങ്ങൾക്കുമായി ശൗചാലയം നിർമിച്ചിട്ടുണ്ടെങ്കിലും ജലവിതരണ നടക്കാതെ വന്നതോടെ അതും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ചന്തയ്ക്കുള്ളിലെ മാലിന്യക്കുഴിയാകട്ടെ മഴശക്തമായതോടെ പ്രദേശവാസികൾക്കു ദുരിതമാകുന്നതായി പരാതിയുണ്ട്.
ഇവിടെ പ്ലാസ്റ്റിക് മാലിന്യമടക്കം കുന്നുകൂടി കിടക്കുകയാണ്. ഇതോടെ പ്രദേശത്ത് കൊതുകുശല്യം വർദ്ധിച്ചതായും പറയുന്നു.