നെയ്യാറ്റിൻകര കോണ്‍വന്റ് റോഡിനോട് അവഗണനയെന്ന് ആക്ഷേപം
1436674
Wednesday, July 17, 2024 2:34 AM IST
നെയ്യാറ്റിന്‍കര : ദിവസവും നൂറു കണക്കിന് വിദ്യാര്‍ഥികള്‍ കാല്‍നടയായും വാഹനങ്ങളിലും സഞ്ചരിക്കുന്ന നെയ്യാറ്റിന്‍കര കോണ്‍വന്റ് റോഡിനോട് അധികൃതര്‍ക്ക് അവഗണനയെന്ന് ആക്ഷേപം. പെരുമഴയത്ത് റോഡിലൂടൊഴുകുന്ന മലിനജലം ചവുട്ടിയാണ് സ്കൂള്‍ വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള യാത്രക്കാരും തദ്ദേശവാസികളും യാത്ര ചെയ്യുന്നത്.
വെള്ളം റോഡില്‍ നിറഞ്ഞ് കെട്ടിക്കിടക്കുന്പോള് പോലും അധികൃതര്‍ക്ക് കണ്ട ഭാവമില്ലെന്ന പരാതി നേരത്തെയുണ്ട്. നെയ്യാറ്റിന്‍കര ആലുംമൂട് ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന കോണ്‍വന്റ് റോഡില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം വരെയാണ് തറയോട് പാകിയിരിക്കുന്നത്.
മുന്‍പുണ്ടായിരുന്ന ടാര്‍ റോഡും പരിതാപകരമായിരുന്നു. നിരന്തര പരാതികളുടെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് തറയോട് പാകിയത്. പല ഘട്ടങ്ങളിലായാണ് ഈ പ്രവൃത്തികള്‍ പൂര്‍ത്തിയായതെങ്കിലും ശാസ്ത്രീയമായല്ല തറയോട് സ്ഥാപിച്ചതെന്ന ആരോപണം തുടക്കത്തിലേ ഉയര്‍ന്നു. അധികം വൈകുന്നതിനു മുന്‍പ് തറയോടുകള്‍ പലതും സ്ഥാനം തെറ്റി. റോഡിന്റെ മധ്യ ഭാഗം താഴേയ്ക്ക് അമര്‍ന്ന് നീളന്‍ കുഴിയായി. മഴക്കാലത്ത് ഇതേറെ അപകടകരമാണ്. ജലവിതരണവുമായി ബന്ധപ്പെട്ട് തറയോട് ഇളക്കിയാണ് ഇടയ്ക്കിടയ്ക്ക് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്.
പണി കഴിഞ്ഞാലും തറയോടുകള്‍ യഥാവിധി പുന സ്ഥാപിക്കാന്‍ ബന്ധപ്പെട്ടവര്‍ മെനക്കെടാറില്ലെന്നും ആക്ഷേപമുണ്ട്. പൊതുവേ വീതി കുറഞ്ഞ റോഡിലെ അനധികൃത പാര്‍ക്കിംഗുകള്‍ യാത്രക്കാര്‍ക്കും തദ്ദേശവാസികള്ക്കുമെല്ലാം ഒരുപോലെ തലവേദനയാണ്. കുഴികളില്‍ വീഴാതെ പോകാന്‍ പണിപ്പെടുന്പോഴാണ് ഈ അനധികൃത പാര്‍ക്കിംഗുകള്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. നെയ്യാറ്റിന്‍കര താലൂക്കിലെ പ്രധാനപ്പെട്ട ചില വിദ്യാലയങ്ങള്‍ സ്ഥിതി ചെയ്യുന്നത് ഈ റോഡിനിരുവശത്തുമായാണ്. സ്കൂളിലേയ്ക്ക് വന്നു പോകുന്നതിനിടയില്‍ ഒട്ടേറേ പേര് ഭാഗ്യം കൊണ്ടാണ് അപകടമില്ലാതെ ഈ ദൂരം താണ്ടുന്നതെന്നും സമീപവാസികള്‍.