രോഗി ലിഫ്റ്റിൽ കുടുങ്ങിയ സംഭവം: സൂപ്രണ്ട് ഓഫീസ് ഉപരോധിച്ച് കോൺഗ്രസ് പ്രവർത്തകർ
1436679
Wednesday, July 17, 2024 2:34 AM IST
മെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ടു ദിവസത്തോളം രോഗി ലിഫ്റ്റിൽ കുടുങ്ങിയ സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസ്.
സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ വീഴ്ച്ചെയെന്നാരോപിച്ച് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ തിരുവനന്തപുരം മെഡിക്കൽ കോളജ് സുപ്രണ്ട് ഓഫീസ് ഉപരോധിച്ചു. ഉള്ളൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉപരോധ സമരം സംഘടിപ്പിച്ചത്. ബ്ലോക്ക് പ്രസിഡന്റ് കെ.എസ്.സനലിന്റെ അധ്യക്ഷതയിൽ നടന്ന ഉപരോധ സമരം ഡിസിസി വൈസ് പ്രസിഡന്റ് കടകപള്ളി ഹരിദാസ് ഉദ്ഘാടനം ചെയ്തു.
സൂപ്രണ്ട് ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞു. ഇതോടെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടാകുകയും തുടർന്ന് സൂപ്രണ്ട് ഓഫീസിനു മുന്നിൽ പ്രവർത്തകർ കുത്തിയിരുന്ന് സമരം നടത്തുകയും ചെയ്തു.
നഗരസഭ കൗൺസിലർ ആക്കുളം സുരേഷ് കുമാർ, കുമാരപുരം ശ്രീകണ്ഠൻ, മണ്ണന്തല മണ്ഡലം പ്രസിഡന്റ് ഷാബു, പ്രേം രഞ്ജിത്ത്, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ഉള്ളൂർ സുനിൽ ബാബു, ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ക്രിസ്റ്റഫർ ബൈജു, മഹിളാ കോൺഗ്രസ് നേതാക്കളായ ആശ, സുചിത്ര, അണമുഖം വാർഡ് പ്രസിഡന്റ് ബെന്നി, കരിക്കകം ശിവൻ, മണ്ണന്തല അർജുൻ, അരുൺ കരിക്കകം തുടങ്ങിയവർ പങ്കെടുത്തു.