സര്ക്കാരുദ്യോഗസ്ഥന് സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
1436685
Wednesday, July 17, 2024 6:07 AM IST
വെള്ളറട: വെള്ളറടയില്‍ സര്‍ക്കാർ ഉദ്യോഗസ്ഥനെ സുഹൃത്ത് താമസിക്കുന്ന വാടക വീടിന്റെ രണ്ടാംനിലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റശേഖരമംഗലം കുരവറ തച്ചംകോണത്ത് വീട്ടില്‍ താമസക്കാരനും സെക്രട്ടേറിയറ്റ് അസിസ്റ്റന്റും നിലവില്‍ കോര്പറേഷന് ഓഫീസിലെ ലോക്കല്‍ ഫണ്ട് ഓഡിറ്ററുമായ ഷാജി (40)യെയാണ് സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം ഷാജിയെ കാണാനില്ലെന്നു പറ യുന്നു. രാവിലെ ചാല വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂൾ അധ്യാപികയായ ഭാര്യയെ കാറില്‍ സ്കൂളില്‍ കൊണ്ടുവിട്ടശേഷമാണു ഷാജിയെ കാണാതായത്. എല്ലാദിവസവും ഇരുവരും ഒരുമിച്ചാണ് ജോലികഴിഞ്ഞ് വെള്ളറടയിലെ വീട്ടിലേക്കു പോയിരുന്നത്.
തിങ്കളാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് ഭാര്യ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ഷാജിയുടെ പ്രതികരണ മുണ്ടായില്ല. തുടര്‍ന്നു ബന്ധുക്കള്‍ വെള്ളറട പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷാജിയുടെ കാര്‍ ആനപ്പാറ ആര്.സി. ചര്‍ച്ചിനു സമീപം റോഡരികില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആനപ്പാറ സാംസ്കാരിക വേദി ഗ്രന്ഥശാലയ്ക്കു സമീപത്തെ സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ ഷാജിയെ കണ്ടെത്തിയത്. സുഹൃത്തായ പൂവന്കുഴിയിലെ വീവേഴ്സ് കോളനി സ്വദേശി അനിലിനും ഭാര്യയ് ക്കും പലതവണ കെഎസ്എഫ് ഇ ഉള്‍പ്പെടെയുള്ള ബാങ്കുകളില്‍നിന്നുള്ള ചിട്ടികള്‍ക്ക് ഷാജി ജാമ്യംനിന്നിരുന്നതായാണ് വിവരം. അഞ്ചു ലക്ഷം രൂപ കടമായും ഇവർക്കു നല്‍കിയിരുന്നു.
സുഹൃത്ത് ഈ തുകയൊന്നും തിരിച്ചടയ്ക്കാതായതോടെ പല ബാങ്കുകളില്‍നിന്നായി ഷാജിക്ക് നോട്ടീസ് ലഭിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരിക്കാം ഇതേ സുഹൃത്തിന്റെ വീട്ടില്‍തന്നെ ജീവനൊടുക്കിയതെന്നാണു പോലീസിന്റെ പറയുന്നത്. സംഭവ ദിവസം ഷാജിയും സുഹൃത്തും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതായി ബന്ധുക്കള്‍ പറയുന്നു .ആര്യങ്കോട് പോലീസ് സ്റ്റേഷനില്‍ ഇതു സംബന്ധിച്ച് പരാതിയും നല്കിയിട്ടുണ്ടായിരുന്നു.
ആത്മഹത്യചെയ്ത മുറിയുടെ ചുമരില്‍ തന്റെ ആത്മഹത്യയ്ക്കു കാരണം സുഹൃത്തും ഭാര്യയുമാണെന്നും കുറിച്ചിട്ടുണ്ട്. തന്റെ സുഖമില്ലാത്ത കുഞ്ഞിനെ നല്ല രീതിയില്‍ സംരക്ഷിക്കണമെന്നും, കടമായും ജാമ്യമായും ലക്ഷങ്ങള്‍ തനിക്കു നഷ്ടപ്പെട്ടുവെന്നും കുറിച്ചിട്ടുണ്ട്. കുറച്ചു പണമെങ്കിലും തിരികെ തന്നിരുന്നെങ്കില്‍ തനിക്ക് ഇങ്ങനെ ചെയ്യേണ്ടി വരില്ലായിരുന്നുവെന്നും കുറിപ്പിലുണ്ട്.
സംഭവസമയത്ത് വീട്ടില്‍ ആരുമില്ലായിരുന്നുവെന്നാണു വീട്ടുടമ പോലീസിനു മൊഴി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ വെള്ളറട പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
മൃതദേഹം തുടര്‍നടപടികള്‍ക്കായി തിരുവനന്ത പുരം മെഡിക്കല്‍ കോളജിലേയ്ക്കുമാറ്റി. ഭാര്യ: വിജില, അഞ്ചു വയസുകാരിയായ മകളുണ്ട്.