ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നിറയാൻ കാരണം കോർപറേഷനെന്നു റെയിൽവേ
1436688
Wednesday, July 17, 2024 6:07 AM IST
തിരുവനന്തപുരം: കോർപറേഷൻ പരിധിയിയിലുള്ള സ്ഥലങ്ങളിൽ അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നതാണ് ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം കുന്നുകൂടാൻ കാരണമെന്നു റെയിൽവേ.
റെയിൽവേ സ്റ്റേഷനു സമീപം ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നീക്കം ചെയ്യാനിറങ്ങിയ ജോയിയെന്ന തൊഴിലാളി മുങ്ങി മരിച്ചതിനു പിന്നാലെ കോർപറേഷനും റെയിൽവേയും പരസ്പരം പഴിചാരുന്നതിനിടെ ഇന്നലെ റെയിൽവേ ഡിവിഷൻ മാനേജർ പത്രസമ്മേളനം വിളിച്ച് കോർപറേഷനെതിരേയും ജലസേചന വകുപ്പിനെതിരേയും ഗുരുതരമായ ആരോപണം ഉന്നയിച്ചു. ജോയിയുടെ മരണത്തിൽ റെയിൽവേ ദുഃഖം രേഖപ്പെടുത്തി.
ജലസേചന വകുപ്പിനു കീഴിലുള്ള ഈ കനാലിന്റെ മൊത്തം ദൈർഘ്യത്തിന്റെ ഒരു ശതമാനം മാത്രമാണ് റെയിൽവേ യാർഡിനടിയിലൂടെ കടന്നുപോകുന്നതെന്നും സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് ഈ മേഖല ശുചീകരിക്കാൻ റെയിൽവേ തയാറായതെന്നും ഡിവിഷൻ മാനേജർ പറഞ്ഞു. തോട് കടന്നുപോകുന്ന റെയിൽവേയുടെ ഭാഗത്ത് ഒഴുക്കിന് ഒരു തടസവുമില്ലെന്നും അവർ വിശദമാക്കി.
മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നത് തടയുന്നതിനു കർശനമായ നടപടികൾ ഉണ്ടാകണം. കുറ്റക്കാരെ കണ്ടെത്തുന്നതിനും അവർക്ക് പിഴചുമത്തുന്നതിനും വേണ്ട കാര്യങ്ങളും സ്വീകരിക്കണം. അതോടൊപ്പം തന്നെ ആമഴിഞ്ചാൻ തോടിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതു തടയുന്നതിനുവേണ്ട മുൻകരുതലും കോർപറേഷൻ കൈക്കൊള്ളണം.
12 കിലോമീറ്ററോളം വരുന്ന ആമഴിഞ്ചാൻ തോട് സംസ്ഥാന സർക്കാരിന്റെ ജലസേചനവകുപ്പിനു കീഴിലുള്ളതാണ്. കിഴക്ക് തന്പാനൂരിനെയും പടിഞ്ഞാറ് പവർ ഹൗസ് റോഡിനെയും ബന്ധിപ്പിക്കുന്ന ഈ തോടിന്റെ 117 മീറ്റർ മാത്രമാണ് റെയിൽവേ യാർഡിന് താഴെക്കൂടി കടന്നുപോകുന്നത്. ജലസേചനവകുപ്പിന്റെ നിയന്ത്രണത്തിലാണെങ്കിലും തിരുവനന്തപുരം കോർപറേഷൻ സെക്രട്ടറിയുടെ അഭ്യർഥനപ്രകാരമാണ് ആ സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഇക്കഴിഞ്ഞ 19ന് തോടു ശുചിയാക്കുന്നതിനു റെയിൽവേ മുൻകൈയെടുത്തത്.
ശുചീകരണ തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തിയത് റെയിൽവേ വളപ്പിൽ നിന്നും 750 മീറ്റർ അകലെയായതിനാൽ തന്നെ ഈ ഭാഗത്ത് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. ആമഴിഞ്ചാൻ തോടിന്റെ ഭാഗത്ത് മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നതാണ് ഈ ദുരന്തത്തിന്റെ അടിസ്ഥാനകാരണം. നഗരസഭാപരിധിയിലുള്ള തോടിന്റെ ഭാഗത്തു വലിയതോതിൽ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്ന അവസ്ഥയുണ്ട്. മാലിന്യം ഇടുന്നതു തടയുന്നതിനായി റെയിൽവേയുടെ പ്രദേശത്തേയ്ക്ക് കടന്നുപോകുന്ന തോടിന്റെ ഭാഗത്ത് ഇരുന്പ് വല റെയിൽവേ സ്ഥാപിച്ചിട്ടുണ്ട്. റെയിൽവേയുടെ ഭാഗത്തുള്ള തോടിന്റെ തുറന്ന വശത്ത് 13 മീറ്റർ ഉയരമുള്ള ഇരുന്പുവേലിയും സ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ട് അവിടെ മാലിന്യങ്ങൾ നിക്ഷേപിക്കാനും കഴിയില്ല.
റെയിൽവേയുടെ മാലിന്യങ്ങൾ സംസ്്കരിക്കുന്നതിനുള്ള സംവിധാനം റെയിൽവേയ്ക്ക് തന്നെയുണ്ട്. യാത്രക്കാർ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ സമയാസമയം റെയിൽവേ മാറ്റുന്നുണ്ട്. അതുകൊണ്ട് അത്തരത്തിൽ റെയിൽവേയുടെ മാലിന്യങ്ങൾ തോടിൽ വന്നുചേരുന്നുമില്ലെന്നുമാണ് റെയിൽവേയുടെ വിശദീകരണം. കനാലിലെ മണ്ണു നീക്കം ചെയ്യുന്നതിനും വൃത്തിയാക്കുന്നതിനുമുള്ള പ്രാഥമിക ഉത്തരവാദിത്തം ജലസേചന വകുപ്പിനാണ്.
തോടിന്റെ ശുചീകരണത്തിന്റെയും ചെളിനീക്കലിന്റെയും പ്രാഥമിക ഉത്തരവാദിത്തം ജലസേചനവകുപ്പിനാണെങ്കിലും റെയിൽവേ യാർഡിലെ വെള്ളക്കെട്ട് തടയുന്നതിനായി മുൻകാലങ്ങളിലും റെയിൽവേ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.
റെയിൽവേ പാലത്തിന്റെ ഭാഗത്തുള്ള ചരിവ് കുത്തനെയുള്ളതായതിനാൽ വെള്ളം ഉയർന്ന വേഗതയിൽ ഒഴുകിപോകാറുണ്ട്. എന്നാൽ കിഴക്കേകോട്ട റോഡിലെ പാലത്തിന് അപ്പുറത്തുള്ള ഭാഗത്ത് വെള്ളം ഒഴുകാതെ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. ഇതാണ് ഭൂഗർഭ തുരങ്കത്തിനുള്ളിൽ മാലിന്യങ്ങളും ചെളിയും കെട്ടികിടക്കുന്നതിന് കാരണം. മാലിന്യം കുമിഞ്ഞുകൂടുന്നത് തടയുന്നതിനും റെയിൽവേസ്റ്റേഷനും ബസ് സ്റ്റാൻഡ് ഉൾപ്പെടെയുള്ള സമീപപ്രദേശങ്ങളിലുമുണ്ടാകുന്ന വെള്ളക്കെട്ട് തടയുന്നതിനും ജലസേചനവകുപ്പ് ഈ പ്രശ്നം പരിഹരിക്കുകയാണ് വേണ്ടത്.
റെയിൽവേ ഏരിയയിലെ ഭൂഗർഭ ചാനലിലേക്ക് മാലിന്യവും ചെളിയും കടക്കുന്നത് തടയാൻ എല്ലാ തീരുമാനങ്ങളും പരിശ്രമങ്ങളും ഉണ്ടാകണമെന്നും റെയിൽവേ ആവശ്യപ്പെട്ടു.
അടിയന്തര യോഗം വിളിച്ചു മുഖ്യമന്ത്രി
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിന്റെ റെയിൽവേ സ്റ്റേഷനടിയിൽ കൂടി പോകുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നതു മൂലമുള്ള വിവിധ പ്രശ്നങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ചചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു.
നാളെ രാവിലെ 11.30ന് ഓണ്ലൈൻ ആയാണു യോഗം ചേരുക. തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴിൽ, ഭക്ഷ്യം, കായികം റെയിൽവേ, ആരോഗ്യം, ജലവിഭവം വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎൽഎമാരും തിരുവനന്തപുരം മേയറും പങ്കെടുക്കും.
ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയിൽവേ ഡിവിഷണൽ മാനേജരും യോഗത്തിലുണ്ടാകും. ഈ പ്രദേശത്ത് മാലിന്യം കുന്നുകൂടുന്നതു മൂലം വെള്ളത്തിന്റെ ഒഴുക്കു തടസപ്പെടുന്നതിനും തന്പാനൂരിലും പരിസരത്തും വെള്ളക്കെട്ടുണ്ടാകുന്നതിനും ഇടയാക്കുന്നുണ്ട്. രോഗാണുക്കൾ പെരുകി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാവുന്ന സാഹചര്യത്തിലാണ് യോഗം.
നഷ്ടപരിഹാരം: റീജണൽ ലേബർ കമ്മീഷണർക്ക് കത്തയച്ചു
തിരുവനന്തപുരം: റെയിൽവേയുടെ പരിധിയിലുള്ള ആമയിഴഞ്ചാൻ തോടിന്റെ ഭാഗം വൃത്തിയാക്കുന്നതിനിടെ മുങ്ങിമരിച്ച ക്രിസ്റ്റഫർ ജോയിയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ലേബർ ഓഫീസർ റീജണൽ ലേബർ കമ്മീഷണർ (സെൻട്രൽ)നു കത്തു നൽകി.
മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശപ്രകാരം സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കത്തു നൽകിയിരിക്കുന്നത്. തോടിന്റെ റെയിൽവേയുമായി ബന്ധപ്പെട്ട ഭാഗങ്ങൾ വൃത്തിയാക്കുന്നതിനായി റെയിൽവേ പിഡബ്ല്യുഡി ലൈസൻസുള്ള കരാറുകാരനായ ബിജു എന്ന ആളുമായി കരാറിൽ ഏർപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ വൃത്തിയാക്കാനിറങ്ങുകയും അപകടം സംഭവിക്കുകയുമായിരുന്നു.
ജോലിക്കിടെ അപകടമരണം സംഭവിച്ചതിനാൽ ജോയിക്ക് എംപ്ലോയീസ് കോന്പൻസേഷൻ ആക്ട്, 1923 പ്രകാരമുള്ള നഷ്ടപരിഹാരത്തിന് അർഹതയുള്ളതാണ്. കരാർ പ്രകാരം പ്രിൻസിപ്പൽ എംപ്ലോയർ റെയിൽവേ ആയതിനാൽ ഈ വിഷയത്തിൽ തുടർനടപടി സ്വീകരിക്കാനാണ് ലേബർ ഓഫീസർ കത്തിൽ നിർദേശം നൽകിയിരിക്കുന്നത്.
ക്രിസ്റ്റഫർ ജോയിയുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് റെയിൽവേ മന്ത്രിക്കു മന്ത്രി വി. ശിവൻകുട്ടി കത്തയച്ചിരുന്നു.
ആശ്വാസവാക്കുകളുമായി സമുദായനേതാക്കൾ
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ മരണപ്പെട്ട ശുചീകരണ തൊഴിലാളി ജോയിയുടെ വീട്ടിൽ ആശ്വാസവാക്കുകളുമായി തലസ്ഥാനത്തിന്റെ മതേതരക്കൂട്ടായ്മയെത്തി. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുടെ നേതൃത്വത്തിൽ പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, ബിലീവേഴ്സ് ചർച്ച് തിരുവനന്തപുരം അതിരൂപത അധ്യക്ഷൻ ബിഷപ് മാത്യൂസ് മാർ സിൽവാനിയോസ്, ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, സിന്ദൂരം ചാരിറ്റീസ് ചെയർമാൻ സബീർ തിരുമല എന്നിവരാണ് വീട്ടിലെത്തി അമ്മ മെർഗിയെയും സഹോദരിമാരായ ജെൽസിയെയും ജോളിയെയും ആശ്വസിപ്പിച്ചത്.
സഹോദരൻ കോശിയെയും ബന്ധുക്കളെയും അനുശോചനം അറിയിച്ചു. ജോയി ഒരു ഓർമപ്പെടുത്തലാണെന്നും പരസ്പരം പഴിചാരാതെ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുളള മുന്നൊരുക്കങ്ങളാണ് ഭരണകൂടം കടമയായി കണ്ടു നിർവഹിക്കേണ്ടതെന്നും സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പറഞ്ഞു.