നവരാത്രി പൂജകൾക്കായി സരസ്വതി ശിൽപ്പങ്ങൾ ഒരുങ്ങി
1459086
Saturday, October 5, 2024 6:40 AM IST
പ്രശാന്ത്
പേരൂർക്കട: നവരാത്രി പൂജകൾ ക്കായി നഗരത്തിലെ വഴിയോരങ്ങളിൽ സരസ്വതി ശില്പങ്ങൾ ഒരുങ്ങി. വട്ടിയൂർക്കാവ് മണ്ഡലത്തിന്റെ മിക്ക സ്ഥലങ്ങളിലും സരസ്വതി വിഗ്രഹങ്ങൾ റോഡ് വക്കിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു.
ഉത്തരേന്ത്യൻ കച്ചവടക്കാരാണ് പ്രധാനമായും സരസ്വതി ശില്പങ്ങൾ വിൽപ്പനയ്ക്കായി കൊണ്ടുവന്നിരിക്കുന്നത്. 100 രൂപ മുതൽ ആരംഭിക്കുന്ന ശില്പങ്ങൾ ഇവിടെയുണ്ട്. ബാലരാമപുരം ഭാഗത്തുനിന്നാണ് പ്രധാനമായും ശില്പങ്ങൾ നിർമിച്ചെത്തുന്നത്.
അതേസമയം മുൻ വർഷങ്ങളിലെ അപേക്ഷിച്ച് വിൽപ്പന ചെറിയതോതിൽ കുറഞ്ഞിട്ടുണ്ടെന്നും അമിതവിലയൊന്നും ഈടാക്കാതെയാണ് സരസ്വതി ശില്പങ്ങൾ വില്പന നടത്തുന്നതെന്നും കച്ചവടക്കാർ പറയുന്നു. വീടുകളിൽ പൂജ വയ്ക്കുന്നതിനായി നിരവധി ആൾക്കാർ വഴിയോരങ്ങളിൽ വില്പനയ്ക്ക് വച്ചിരിക്കുന്ന ശില്പങ്ങൾ വാങ്ങാറുണ്ട്.
നവരാത്രിയുടെ ആഘോഷങ്ങൾ അവസാനിക്കുന്നതോടുകൂടി ബാക്കി വരുന്ന ശില്പങ്ങൾ വാങ്ങിയ സ്ഥലത്ത് തിരികെ ഏൽപ്പിച്ച് അധികം നഷ്ടം കൂടാതെ പണം കൈപ്പറ്റി മടങ്ങുകയാണ് ഉത്തരേന്ത്യൻ തൊഴിലാളികൾ ചെയ്തുവരുന്നത്. നഗരപ്രദേശങ്ങളിൽ വിൽപ്പന കൂടുതലായി നടക്കുന്നത്.