ശോഭനയുടെ ആനന്ദനൃത്തത്തിൽ അലിഞ്ഞ് സൂര്യയുടെ സന്ധ്യ
1459671
Tuesday, October 8, 2024 6:59 AM IST
തിരുവനന്തപുരം: വൃന്ദാവനത്തിലെ ശ്രീകൃഷ്ണനായി വെള്ളിത്തിരയിലെ താരം ശോഭന അരങ്ങിലെത്തിയപ്പോൾ എകെജി ഹാളിൽ മായാകൃഷ്ണന്റെ നടന സൗന്ദര്യം. സൂര്യ നൃത്തസംഗീതോത്സവത്തിന്റെ സന്ധ്യയിലാണ് പ്രശസ്ത ചലച്ചിത്രനടി ശോഭനയുടെ ഭരതനാട്യം പെയ് തുനിറഞ്ഞത്.
മഹാവാഗ്ഗേയകാരൻ ത്യാഗരാജ സ്വാമികളുടെ നൗകചരിതം എന്ന കൃതിയെയാണ് നൃത്തനാടക രൂപത്തിൽ ശോഭന ആവിഷ്കരിച്ചത്. ഭരതനാട്യത്തിന്റെ പാരന്പര്യത്തനിമയിൽ പദമൂന്നി നിന്നുകൊണ്ടു തന്നെയാണ് ബാലകൃഷ്ണ ലീലകളുടെ അനന്തതയിലേക്കു ശോഭന പറന്നുയർന്നത്.
ഗോപികമാർക്കൊപ്പം കളിയാടുന്ന ശ്രീകൃഷ്ണനായി ശോഭന മാറുന്നത് മാന്ത്രികമായ ചുവടുവയ്പ്പുകളോടെയായിരുന്നു. യമുനയിലൂടെ ഒഴുകിവരുന്ന ഒരു വള്ളത്തിൽ ഗോപികമാർ തുഴയാൻ പോകുന്നതും അതു തടയുന്ന കൃഷ്ണന്റെ കുറുന്പുകളും ശോഭനയുടെ ഭാവസൗന്ദര്യത്തിൽ ദീപ്തമായി.
ഭരതനാട്യത്തിന്റെ പരന്പരാഗത ഇനമായ മല്ലാരിയോടെയായിരുന്നു തുടക്കം. തുടർന്ന് സംഗീത ത്രിമൂർത്തികളിൽ ഒരാളായ ശ്യാമ ശാസ്ത്രിയുടെ കാമാക്ഷി ദേവി സ്തുതി ശോഭന അവതരിപ്പിച്ചു. ദേവി ഭക്തിയുടെ പരകോടിയിൽ നിന്നും ശോഭന ഇറങ്ങി വന്നത് ശ്യംഗാര നടനവുമായാണ്. നാടുവാഴുന്ന മഹാരാജാവിനെ പ്രണയിക്കുന്ന നായികയുടെ ശൃംഗാരരസങ്ങൾ വർണത്തിൽ നിറഞ്ഞു.
ശക്തമായ മഴയിലും വലിയൊരു സംഘം ആസ്വാദകരാണ് എകെജി ഹാളിൽ ശോഭനയുടെ ഭരതനാട്യം കാണാൻ എത്തിച്ചേർന്നത്.
സ്വന്തം ലേഖിക