നെ​യ്യാ​റ്റി​ൻ​ക​ര ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഇ​മേ​ജ് റൂമും കുട്ടികളുടെ പു​തു​ക്കി​യ വാ​ർ​ഡും പ്രവർത്തനം ആരംഭിച്ചു
Thursday, April 25, 2019 12:03 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഇ​മേ​ജ് റൂം, ​ശ​ല​ഭം ന​വ​ജാ​ത​ശി​ശു സ്ക്രീ​നിം​ഗ് കോ​ർ​ണ​ർ, പു​തു​ക്കി​യ കു​ട്ടി​ക​ളു​ടെ വാ​ർ​ഡ് എ​ന്നി​വയുടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
ബ​യോ മെ​ഡി​ക്ക​ൽ മാ​ലി​ന്യ​ങ്ങ​ൾ സം​ഭ​രി​ക്കു​ന്ന​തി​നു​ള്ള നൂ​ത​ന മു​റി​യാ​ണ് ഇ​മേ​ജ് റൂം. ​ബ​യോ മെ​ഡി​ക്ക​ൽ മാ​ലി​ന്യ​ങ്ങ​ൾ നാ​ല് പ്ര​ത്യേ​ക മു​റി​ക​ളി​ലെ ബ​ക്ക​റ്റു​ക​ളി​ൽ ശേ​ഖ​രി​ക്കും. ഇവ പി​ന്നീ​ട് ഇ​മേ​ജ് എ​ന്ന അം​ഗീ​കൃ​ത ഏ​ജ​ൻ​സി​യെ ഏ​ൽ​പ്പി​ച്ച് ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കു​ം. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്താ​ണ് ഇ​മേ​ജ് റൂം ​നി​ർ​മി​ച്ച് ന​ൽ​കി​യ​ത്.
ആ​ശു​പ​ത്രി​യി​ൽ ജ​നി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ൾ​ക്കു ജന്മനാ ​വൈ​ക​ല്യ​ങ്ങ​ൾ ഉ​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള സ്ക്രീ​നിം​ഗ് കോ​ർ​ണ​റാണ് ശ​ല​ഭം. ഹൃ​ദ​യം, കേ​ൾ​വി, ജ​നി​ത​കം എ​ന്നി​വ സം​ബ​ന്ധി​ച്ച വൈ​ക​ല്യം പ​രി​ശോ​ധ​ന​യി​ലൂ​ടെ അ​റി​യാ​നാ​കും. കൂ​ടാ​തെ, ജ​ന​ന സ​മ​യ​ത്തെ വൈ​ക​ല്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​കും. ഇ​ത്ത​ര​ത്തി​ൽ ഈ ​അ​പാ​ക​ത​ക​ൾ നേ​ര​ത്തെ ക​ണ്ടെ​ത്തു​ന്ന​തി​ലൂ​ടെ വേ​ഗ​ത്തി​ൽ ചി​കി​ത്സ ആ​രം​ഭി​ക്കാ​നും വൈ​ക​ല്യം കു​റ​യ്ക്കാ​നും സ​ഹാ​യ​ക​മാ​കു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ൻ​എ​ച്ച്എം ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ശ​ല​ഭം സ്ക്രീ​നിം​ഗ് കോ​ർ​ണ​ർ നി​ർ​മി​ച്ച​ത്.
എ​ൻ​എ​ച്ച്എ​മ്മി​ന്‍റേ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ആ​ശു​പ​ത്രി​യി​ലെ കു​ട്ടി​ക​ളു​ടെ വാ​ർ​ഡ് ആ​ക​ർ​ഷ​ണീ​യ​മാ​യ രീ​തി​യി​ൽ നി​റം പി​ടി​പ്പി​ച്ച് മ​നോ​ഹ​ര​മാ​ക്കി. വാ​ർ​ഡി​ലെ മെ​ത്ത​ക​ൾ, ബെ​ഡ് ഷീ​റ്റു​ക​ൾ എ​ന്നി​വ​യെ​ല്ലാം മാ​റ്റി മ​ഴ​വി​ൽ നി​റ​ത്തി​ലു​ള്ള ബെ​ഡ് ഷീ​റ്റു​ക​ളാ​ണ് ഇ​നി മു​ത​ൽ ഉ​പ​യോ​ഗി​ക്കു​ക. ആ​രോ​ഗ്യ​കേ​ര​ളം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​പി.​വി. അ​രു​ണ്‍ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ദി​വ്യ സ​ദാ​ശി​വ​ൻ സം​ബ​ന്ധി​ച്ചു.