വിതുര: വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ പൊറുതി മുട്ടി വിതുര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ. ഗോകുൽ എസ്റ്റേറ്റ് ജീവനക്കാരി വിതുര ആനപ്പാറ റോഡരികത്ത് വീട്ടിൽ ഇന്ദിര(60)യ്ക്കു കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റതാണു ഇതിൽ ഏറ്റവും ഒടുവിലത്തെ സംഭവം.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. കാട്ടുപോത്ത് വന്നിടിച്ചു മറിഞ്ഞു വീണു കൈയ്ക്കു ഗുരുതര പരുക്കേറ്റ ഇവർ ശസ്ത്രക്രിയ്ക്കു വിധേയയായ ശേഷം വീട്ടിൽ വിശ്രമിക്കുകയാണ്.ചെറു മണലിയിൽ പതിനൊന്നു വയസുകാരൻ ആകാശിനെ കാട്ടുപോത്ത് ഇടിച്ചു വീഴ്ത്തിയതും പനതിന്നമൺപുറം സ്വദേശി രവീന്ദ്രൻ കാണിയ്ക്കു കാട്ടുപോത്തിനെ കണ്ട് ഭയന്നോടിയപ്പൾ വീണു പരുക്കേറ്റതും ഈയിടായാണ്. ബോണക്കാട്ട് തൊഴിലാളി കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ച സംഭവവും മുൻപുണ്ടായിട്ടുണ്ട്. ദുരന്തങ്ങൾ ഉണ്ടാകുന്പോൾ പരിഹാര നടപടികളുണ്ടാകുമെന്ന വാഗ്ദാനം ജല രേഖയാണെന്ന് നാട്ടുകാർ പറയുന്നു. കാട്ടുപോത്തിനെ കൂടാതെ കാട്ടാന, മ്ലാവ്, കാട്ടുപട്ടി, തുടങ്ങിയവ ആദിവാസി ഊരുകളിലുൾപ്പടെയുള്ളവരുടെ ഉറക്കം കെടുത്തുകയാണ്.
കുരങ്ങ് ശല്യവും മേഖലയിൽ രൂക്ഷമാണ്. രാത്രി കാലങ്ങളിൽ മൃഗങ്ങൾ ഉൾ വനത്തിൽ നിന്നുമിറങ്ങി ആദിവാസി ഊരുകളിൽ ആക്രമണം നടത്തുന്നത് നിത്യസംഭവമാണ്. പൊടിയക്കാല, കുട്ടപ്പാറ,പച്ചവീട്, ഒരുപറ, ചെമ്പിക്കുന്ന്, അല്ലത്താര, മണിതൂക്കി, തച്ചരുകാല, വലിയകാല, ചെമ്മാൻകാല, കല്ലുപാറ, മൊട്ടമൂട്,കൊങ്ങൻമരത്തുംമൂട്, ശാസ്താംപാറ, കല്ലുപാറ, ചെറു മണലി എന്നിവിടങ്ങളില് കാട്ടുമൃഗങ്ങളുടെ ആക്രമണം രൂക്ഷമാണ്.
വന്യ മൃഗ ശല്യം രൂക്ഷമായി ഗ്രാമീണ മേഖലയിലെ പ്രദേശങ്ങൾ സന്ദർശിച്ചു പ്രശ്നം നേരിട്ട് ബോധ്യപ്പെട്ടതാണെന്നും അടിയന്തര പരിഹാരമുണ്ടാക്കാൻ നടപടി കൈക്കൊള്ളാൻ അധികൃതർക്കു നിർദേശം നൽകിയതായും കെ.എസ്. ശബരീനാഥൻ എംഎൽഎ പറഞ്ഞു. ഇതു സംബന്ധിച്ചു വനം മന്ത്രിയ്ക്കു ഇതിനകം തന്നെ നിവേദനം നൽകിയതായും അദ്ദേഹം പറഞ്ഞു. ജനവാസ മേഖലകളിലേക്കു വരുന്ന വന്യ മൃഗങ്ങളെ വിരട്ടി വനത്തിനുള്ളിലേക്കു ഓടിക്കാൻ റാപ്പിഡ് റസ്പോൺസ് ടീം(ആർആർടി)യുടെ സേവനം ലഭ്യമാണെന്നും അതു ഉപയോഗിക്കുന്നുണ്ടെന്നും പാലോട് വനം റേഞ്ച് ഓഫിസർ ബി. അജിത് കുമാർ പറഞ്ഞു. വന്യ മൃഗ ശല്യം ഏറ്റവും രൂക്ഷമായ ഇടങ്ങളിൽ ഇതിനകം തന്നെ സോളാർ ഫെൻസിംഗ് സ്ഥാപിച്ചിട്ടുണ്ടെന്നും ആക്രമണം ഏറ്റവർക്കു മതിയായ രേഖകളുടെ അടിസ്ഥാനത്തിൽ നഷ്ട പരിഹാരം ലഭിക്കാൻ തടസമില്ലെന്നും അദ്ദേഹം പറഞ്ഞു