മലപ്പുറം: ജില്ലയിലെ പൊതുസ്ഥലങ്ങളിൽ സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും സ്ഥാപിച്ച പ്രചാരണ സാമഗ്രികൾ ആന്റി ഡിഫെസ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു. പെരിന്തൽമണ്ണ, ഏറനാട്, നിലന്പൂർ, തിരൂർ, തിരൂരങ്ങാടി, പൊന്നാനി, കൊണ്ടോട്ടി എന്നീ താലൂക്കുകളിലും കെഎസ്ഇബി, പിഡബ്ല്യൂഡി കെട്ടിടങ്ങൾ റോഡുകൾ, പാലങ്ങൾ ,എൻ.എച്ച്.അതോറിറ്റി, ഡി ഡി പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് , നഗരസഭകൾ എന്നീ വകുപ്പുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിലുമായി വിവിധ തരത്തിലുള്ള 58097 പോസ്റ്ററുകൾ നീക്കം ചെയ്തു. 1701 കൊടികൾ, 1398 ഫ്ലക്സ് ബോർഡുകൾ, 894 ബാനറുകൾ, 13112 സ്ക്വയർ ഫീറ്റ് കരി ഓയിൽ പ്രചരണവും നീക്കം ചെയ്തിട്ടുണ്ട്. മാതൃകപെരുമാറ്റച്ചട്ടം നോഡൽ ഓഫീസറായ സബ് കളക്ടറുടെ നേതൃത്വത്തിൽ പ്രചാരണ സാമഗ്രികൾ മാറ്റുന്ന പ്രവർത്തികൾ ജില്ലയിൽ നടന്നു വരുന്നുണ്ട്. 52 കൊടികളും 27 ഫ്ലക്സ് ബോർഡുകളും 10 ബാനറുകളും 760 പോസ്റ്ററുകളുമാണ് സബ് കളക്ടറുടെ നേതൃത്വത്തിൽ നീക്കം ചെയ്തത്.
പെരിന്തൽമണ്ണ താലൂക്കിൽ 112 കൊടികൾ, 120 ഫ്ലക്സ് ബോർഡുകൾ, 95 ബാനറുകൾ, 550 പോസ്റ്ററുകൾ, 50 സ്ക്വയർ ഫീറ്റ് കരി ഓയിൽ പ്രചരണം എന്നിവയാണ് നീക്കം ചെയ്തത്. ഏറനാട് താലൂക്കിൽ നിന്ന് 10 കൊടികളും 536 പോസ്റ്ററുകളും 50 സ്ക്വയർ ഫീറ്റ് കരി ഓയിൽ പ്രചരണവും നിലന്പൂർ താലൂക്കിൽ നിന്ന് 39 ഫ്ലക്സ് ബോർഡുകളും 117 ബാനറുകളും 1660 പോസ്റ്ററുകളും 10 സ്ക്വയർ ഫീറ്റ് കരി ഓയിൽ പ്രചരണവുമാണ് നീക്കം ചെയ്തത്. തിരൂർ താലൂക്കിൽ നിന്ന് ഒരു കൊടിയും 10 ഫ്ലക്സ് ബോർഡുകളും ഒരു ബാനറും 1221 പോസ്റ്ററുകളും മാറ്റിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ കെട്ടിടങ്ങളിൽ നിന്ന് 65 കൊടികളും 13 ഫ്ളക്സ് ബോർഡുകളും നാല് ബാനറുകളും 177 പോസ്റ്ററുകളും സ്ക്വാഡിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു.
30752 പോസ്റ്ററുകളാണ് ഡിഡി പഞ്ചായത്തിന്റെ അധീനതയിലുള്ള പ്രദേശത്ത് നിന്ന് മാറ്റിയത്. 1044 കൊടിക്കും 918 ഫ്ളക്സ് ബോർഡുകളും 447 ബാനറുകളും 9089 സ്ക്വയർ ഫീറ്റ് കരി ഓയിൽ പ്രചാരണവും ഡിഡി പഞ്ചായത്തിന്റെ അധീനതയിലുള്ള വിവിധയിടങ്ങളിൽ നിന്നായി നീക്കം ചെയ്തിട്ടുണ്ട്.