നിലന്പൂർ: നാടുകാണി-പരപ്പനങ്ങാടി റോഡ് നവീകരണം പൂർത്തിയായാൽ നിലന്പൂർ ടൗണിലെ ഗതാഗത കുരുക്കൊഴിവാക്കാനും ടൗണ്‍ സൗന്ദര്യവത്കരണം നടത്താനും പദ്ധതി നടപ്പാക്കുമെന്ന് നിലന്പൂർ നഗരസഭാധ്യക്ഷൻ മാട്ടുമ്മൽ സലീം പറഞ്ഞു. ചൊവ്വാഴ്ച ചേർന്ന ഭരണസമിതി യോഗത്തിൽ രണ്ടാം ഡിവിഷൻ അംഗത്തിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അധ്യക്ഷൻ. റോഡ് നവീകരണം ഉടൻ പൂർത്തിയാക്കുന്നത് സംബന്ധിച്ച് കരാറുകാരുമായി ബന്ധപ്പെട്ടതായും അധ്യക്ഷൻ വ്യക്തമാക്കി. നഗരസഭ ആസൂത്രണ ബോർഡ് അംഗങ്ങളെ യോഗത്തിൽ പ്രഖാപിച്ചു. പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ച് കോണ്‍ഗ്രസിലെ വി.എ.കരീം, ബിജെപിയുടെ വിജയ നാരായണൻ എന്നിവരെക്കൂടി ഉൾപ്പെടുത്തുകയും ചെയ്തു. അതേസമയം, ഭർത്താവ് ഉപേക്ഷിച്ച അന്‍പത് വയസ് തികയാത്ത വിധവകൾക്ക് ക്ഷേമ പെൻഷൻ നിഷേധിക്കുന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷ ആവശ്യം ചെയർമാൻ നിരാകരിച്ചു. പ്രതിപക്ഷ അംഗം പാലോളി മെഹബൂബാണ് വിഷയം യോഗത്തിൽ ഉന്നയിച്ചത്. എന്നാൽ പ്രമേയത്തിന് ചെയർമാൻ അനുമതി നിഷേധിക്കുകയായിരുന്നു. പ്രതിപക്ഷം വിഷയം രാഷ്ടീയവത്കരിക്കാൻ ശ്രമിക്കുകയാണെന്ന് ഭരണപക്ഷ അംഗങ്ങൾ ആരോപിച്ചു.
സാമൂഹ്യ ക്ഷേമ പെൻഷനുകൾക്ക് അപേക്ഷിക്കുന്പോൾ വയസ് തെളിയിക്കാൻ ആധാർ കാർഡ്, ഡോക്ടറുടെ സാക്ഷ്യപത്രം എന്നിവക്ക് പകരം സ്കൂൾ സർട്ടിഫിക്കറ്റോ, ലൈസൻസ്, പാസ്പോർട്ട് എന്നിവയോ നിർബന്ധമാക്കുന്ന ഉത്തരവും പിൻവലിക്കാൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
നിലന്പൂർ ടൗണിലടക്കം രൂക്ഷമായ കാട്ടാന ശല്യം തടയാൻ നഗരസഭ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി.എ. കരീമും ആവശ്യപ്പെട്ടു. തൊഴിലുറപ്പ് തൊഴിലാളികളുടെ വേതന കുടിശിക അടിയന്തിരമായി കൊടുത്തുതീർക്കാൻ നടപടി സ്വീകരിക്കാൻ യോഗത്തിൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. നഗരസഭക്ക് കീഴിലെ മുമ്മുള്ളി യുപിഎച്ച്സി, ആയുർവേദ ആശുപത്രി, ഹോമിയോ ആശുപത്രി എന്നിവയുടെ നടത്തിപ്പിനായുള്ള എച്ച്എംസി അംഗങ്ങളെ തിരഞ്ഞെടുത്തു.
വാർഷിക പദ്ധതി രൂപവത്കരണത്തിനായി നിർദേശങ്ങൽ സമർപ്പിക്കാനുള്ള വാർഡ്സഭ ചേരുന്നത് സംബന്ധിച്ചും യോഗം തീരുമാനമെടുത്തു. ചെയർമാൻ മാട്ടുമ്മൽ സലീം അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷ അരുമാ ജയകൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷരായ പി.എം.ബഷീർ, കക്കാടൻ റഹീം, യു.കെ.ബിന്ദു, ഷൈജി മോൾ, സ്കറിയ ക്നാംതോപ്പിൽ, പ്രതിപക്ഷ നേതാവ് വി.എ. കരീം, പാലൊളി മഹ്ബൂബ്, എം.കെ.വിജയനാരായണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.