നിലന്പൂർ: വന്യമൃഗശല്യം കാരണം മലയോര മേഖല ഭീതിയിൽ. വനം വകുപ്പ് നടപടി നഷ്ടപരിഹാരത്തിലൊതുങ്ങുന്നു. നിലന്പൂർ താലൂക്ക് പരിധിയിൽ വന്യമൃഗശല്യങ്ങൾ ജനജീവിതം ദുസഹമാക്കുകയാണ്. കാട്ടാനകൾ, കടുവ, പുലി, കരടി, കുരങ്ങുകൾ, കാട്ടുപന്നികൾ എന്നിവയെല്ലാം നിലന്പൂർ മേഖലയിലെ ജനവാസ കേന്ദ്രങ്ങളിലെത്തുകയാണ്. വന്യമൃഗങ്ങൾ മനുഷ്യജീവനു ഭീഷണിയാവുകയും കോടിക്കണക്കിനു രൂപയുടെ കൃഷികൾ നശിപ്പിക്കുകയും ചെയ്യുന്പോൾ നിലന്പൂർ, വണ്ടൂർ, ഏറനാട് മണ്ഡലങ്ങളിലെ എംഎൽഎമാരോ ജനപ്രതിനിധികളോ കാര്യമായ ഇടപെടലുകൾ നടത്താത്തതിൽ കർഷർക്കിടയിൽ അമർഷമുണ്ട്. ത്രിതല പഞ്ചായത്ത് ഭരണസമിതികൾ മൗനം പാലിക്കുന്നതും ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുകയാണ്. കരുവാരകുണ്ടിലും ചാലിയാർ പഞ്ചായത്തിലെ അളക്കൽ വിജയപുരം, 150 ഭാഗങ്ങളിൽ കടുവയും പുലികളും ആടുകളെയും പട്ടികളെും രാത്രിയിൽ പിടിച്ചു കൊണ്ടുപോകുന്നതു പതിവായിട്ടുണ്ട്്. മൂത്തേടം പഞ്ചായത്തിൽ കരടി ഇറങ്ങിയിട്ടും അധികനാളായില്ല.
നിലന്പൂർ ടൗണിൽ കഴിഞ്ഞ ആഴ്ചയാണ് പട്ടാപ്പകൽ കാട്ടാനയിറങ്ങിയത്. ചാലിയാർ പഞ്ചായത്തിലെ മൈലാടി, അകന്പാടം, മന്പാട് പഞ്ചായത്തിലെ ആദിവാസി കോളനി ഭാഗങ്ങൾ, ഓടായ്ക്കൽ മേഖലയിലും വഴിക്കടവ് പൂവത്തിപൊയിൽ, മണിമൂളി, ആനമറി, പോത്തുകൽ പഞ്ചായത്തിലെ കോടാലിപൊയിൽ, മുണ്ടേരി തുടങ്ങിയ ഭാഗങ്ങളിലെല്ലാം കാട്ടാനകൾ ഉൾപ്പെടെ ഭീതി വിതക്കുകയാണ്. പകൽ സമയങ്ങളിൽ കൂട്ടമായി എത്തുന്ന കുരങ്ങുകളും വ്യാപകമായി നാളികേരം ഉൾപ്പെടെ പറിച്ചു നശിപ്പിക്കുന്നു. ഈ അവസ്ഥയിൽ കൃഷിയിടങ്ങളിലെത്തി നഷ്ടം കണക്കാക്കി മടങ്ങുക എന്ന പതിവ് പരിപാടികളിലാണ് വനപാലകർ. വന്യമൃഗശല്യം പരിഹരിക്കാൻ വനം മന്ത്രിയുടെ സാന്നിധ്യത്തിൽ നിലന്പൂരിൽ ചർച്ച വിളിച്ച് പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം. കൃഷി നാശം മാത്രമല്ല, ജീവനും നഷ്ടപ്പെടുന്ന അവസ്ഥയിലാണ് ഈ നാട്ടിലെ ജനങ്ങൾ.