മലപ്പുറം: ജില്ലയിൽ വിവിധ പദ്ധതി നിർവഹണ പ്രവർത്തനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കാര്യക്ഷമമായി നടപ്പാക്കി കൂടുതൽ കേന്ദ്ര വിഹിതം ജില്ലയിലേക്കു ലഭ്യമാക്കാൻ തദ്ദേശ സ്ഥാപന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമം ഉണ്ടാകണമെന്നു ഇ.ടി.മുഹമ്മദ് ബഷീർ എംപി ആവശ്യപ്പെട്ടു. ജില്ലാതല കോ-ഓർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ 2021-22 വർഷത്തെ മൂന്നാംപാദ ‘ദിശ’ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എംപി പറഞ്ഞു. അടുത്ത സാന്പത്തിക വർഷത്തെ പദ്ധതിയിൽ സൻസദ് ആദർശ് ഗ്രാമ യോജനയിൽ കേന്ദ്ര, സംസ്ഥാനാവിഷ്കൃത പദ്ധതികൾക്കു മുൻഗണന നൽകണമെന്നു എം.പി അബ്ദുസമദ് സമദാനി എംപി നിർദേശിച്ചു. പിഎംജിഎസ് വൈയിൽ സാഗി പഞ്ചായത്തുകളിലെ പ്രവൃത്തികൾക്കു മുൻഗണന നൽകണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയുടെ ഭാഗമായി നിലവിലെ കോവിഡ് സാഹചര്യത്തിൽ ടെലിമെഡിസിൻ പദ്ധതി പ്രവർത്തനങ്ങൾ സജീവമാക്കണമെന്നു പി.ഉബൈദുള്ള എംഎൽഎ ആവശ്യപ്പെട്ടു.
പഞ്ചായത്ത് റോഡുകളുടെ നവീകരണം ആരംഭിക്കുന്നതിനു മുന്പായി ജൽജീവൻ പദ്ധതികളിലുൾപ്പെട്ട പ്രവൃത്തികൾ പൂർത്തീകരിക്കണമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിർദേശിച്ചു. ഓണ്ലൈനായി ചേർന്ന യോഗത്തിൽ കേന്ദ്രാവിഷ്കൃത പദ്ധതികളായ, മഹാത്മാഗാന്ധി എൻആർഇജിഎസ്, പിഎംഎവൈ, പിഎംജിഎസ്വൈ, സ്വച്ഛ് ഭാരത് മിഷൻ, ദേശീയ കുടുംബ സഹായനിധി, ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതി. എൻഎച്ച്എം പദ്ധതികൾ, ദേശീയ ഗ്രാമീണ ഉപജീവന മിഷൻ (എൻആർഎൽഎം) ഐസിഡിഎസ്, പ്രധാനമന്ത്രി പരന്പരാഗത കൃഷി വികാസ് യോജന, പ്രധാനമന്ത്രി ഉജ്വൽ യോജന, സമഗ്ര ശിക്ഷാ അഭിയാൻ പ്രധാൻമന്ത്രി ഭാരതീയ ജൻഒൗഷധി പരിയോജന, പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം, പ്രധാനമന്ത്രി ജൻധൻ യോജന തുടങ്ങിയവയുടെ പുരോഗതി ജില്ലാ വികസന കമ്മീഷണർ എസ്. പ്രേം കൃഷ്ണൻ അവതരിപ്പിച്ചു.
എംപിമാരായ ഇ.ടി.മുഹമ്മദ് ബഷീർ, എം.പി.അബ്ദുസമദ് സമദാനി, പി.വി.അബ്ദുൾ വഹാബ്, എംഎൽഎമാരായ പി.ഉബൈദുള്ള, പി.നന്ദകുമാർ, മഞ്ഞളാംകുഴി അലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ, ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ, പ്രീതിമേനോൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, നഗരസഭാ അധ്യക്ഷൻമാർ, ദിശ നോമിനേറ്റഡ് അംഗങ്ങൾ, ജില്ലാതല ഉദ്യോഗസ്ഥർ, ബ്ലോക്ക് പഞ്ചായത്ത്,നഗരസഭ സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.