തിരൂർ: തിരൂരിൽ നടക്കുന്ന എന്റെ കേരളം പ്രദർശനമേളയിൽ കൗതുകമായി ടൂറിസം വകുപ്പിന്റെ കാരവൻ. ചെറിയൊരു വീടിനുള്ളിൽ തന്നെ താമസിച്ച് സഞ്ചരിക്കുന്ന അനുഭവമാണ് കാരവൻ നൽകുന്നത്. മേളയിലെത്തുന്നവർക്കു കാരവൻ കാണാനും അനുഭവിക്കാനുമുള്ള അവസരം ടൂറിസം വകുപ്പ് ഒരുക്കിയിട്ടുണ്ട്. സഞ്ചാരികൾക്കും നിക്ഷേപകർക്കും കാരവൻ ടൂറിസത്തെക്കുറിച്ച് അറിയുന്നതിനാണ് വാഹനം തിരൂരിൽ എത്തിച്ചതെന്നു ഡിടിപിസി സെക്രട്ടറി വിപിൻചന്ദ്ര പറഞ്ഞു. മലപ്പുറം ജില്ലയിൽ ആദ്യമായാണ് ഇവ പ്രദർശിപ്പിക്കുന്നത്.ഹൗസ്ബോട്ടിനു ശേഷം ലോകടൂറിസത്തിനു കേരളത്തിന്റെ സംഭാവനയായ പദ്ധതിയാണ് കാരവൻ ടൂറിസം. ജനുവരിയിലാണ് പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചത്. ഭാരത് ബെൻസാണ് വാഹനം നിർമിക്കുന്നത്. സ്വകാര്യ സംരംഭകർക്കു വാഹനം വാങ്ങുന്നതിനു സർക്കാർ സബ്സിഡിയും നൽകുന്നുണ്ട്.
കേരളത്തിലെ ഉൾനാടൻ ഗ്രാമപ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ഗ്രാമീണ ജീവിതം മനസിലാക്കി ആസ്വദിക്കാനുള്ള അവസരം കാരവൻ ടൂറിസത്തിന്റെ ഭാഗമാണ്. കൃഷി, ജലസംഭരണി, ഉൾനാടൻ മൽസ്യബന്ധനം, പരന്പരാഗത വ്യവസായം, കരകൗശലമേഖല, ചെറുകിട സംരംഭങ്ങൾ, കലാകാരൻമാർ, കുടുംബശ്രീ പോലുള്ള സംരംഭങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി വിപുലമായാണ് പദ്ധതി നടപ്പാക്കുന്നത്. ശീതീകരിച്ച ലോഞ്ച് ഏരിയ, സുരക്ഷിതമായ സീറ്റുകൾ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഷവർ സൗകര്യമുള്ള കുളിമുറി, വിശാലമായ കിടപ്പുമുറി തുടങ്ങിയ സൗകര്യങ്ങൾ കാരവനിലുണ്ട്. വാഹനം ഇന്നും പ്രദർശന മേളിയിലുണ്ടാകും.
മേളയിൽ വ്യവസായ വകുപ്പിന്റെ കീഴിലുള്ള സംരംഭങ്ങളും ഏറെ ജനശ്രദ്ധ നേടുന്നുണ്ട്. കോവിഡ് മഹാമാരിയും ലോക്ഡൗണും കാരണം പ്രതിസന്ധിയിലായ സംരംഭകർക്കു പിന്തുണയും പ്രോത്സാഹനവും നൽകി വ്യവസായ വകുപ്പ്. സംരംഭകരുടെ 73 യൂണിറ്റുകൾ പങ്കെടുത്ത ’എന്റെ കേരളം പ്രദർശന’ത്തിലൂടെ നാളിതു വരെയായി ലഭിച്ചതു ഏഴു ലക്ഷം രൂപയുടെ വിറ്റുവരവാണ്. വ്യവസായ വകുപ്പിൽ രജിസ്റ്റർ ചെയ്ത 73 സൂക്ഷ്മ, ചെറുകിട, ഇടത്തരം യൂണിറ്റുകളാണ് വിപണന മേളയുടെ ഭാഗമാകുന്നത്. സംരംഭകർക്കു അവരുടെ ഉത്പ്പന്നങ്ങൾ പ്രയോജന പ്രദമായ രീതിയിൽ പ്രദർശിപ്പിക്കുന്നതിനും വിറ്റഴിക്കുന്നതിനും മേള അവസരം നൽകുന്നതായും 15 ലക്ഷം രൂപയുടെ ഉത്പ്പന്നങ്ങൾക്ക് ഇതിനകം ബുക്കിംഗ് നേടാനായതായും സംരംഭകർ പറഞ്ഞു. വൈവിധ്യമാർന്ന ഉത്പ്പന്നങ്ങൾ കാണാനും വാങ്ങാനുമായി വിപണന മേളയിൽ തിരക്കേറിയതോടെ വ്യവസായ വകുപ്പിന്റെ സ്റ്റാളിലും വിറ്റുവരവ് ഏറുന്നതു സംരംഭകർക്കു കൂടുതൽ പ്രതീക്ഷ നൽകുകയാണ്. എസ്എസ് ഹാൻഡ് ലൂമിന്റെ കൈത്തറി ഉത്പ്പന്നങ്ങളും പെരുവള്ളൂരിലെ ബാംബു ഹാന്റിക്രാഫ്റ്റിന്റെ ഉത്പ്പന്നങ്ങളുമാണ് വ്യവസായ വകുപ്പ് സജ്ജീകരിച്ച സ്റ്റാളുകളിൽ ഏറ്റവും ശ്രദ്ധേയം. ഏറ്റവും കൂടുതൽ വിൽപ്പന കൈകത്തറി ഉത്പ്പന്നങ്ങളിലാണ്. ഡിഡിജി എന്റർപ്രൈസസും ഡീ ഡ്രോപ്സ് യൂണിറ്റിന്റെ തേൻ വിൽപനയും പൊടിപൊടിക്കുകയാണ്. തിരൂരങ്ങാടി മൂന്നിയൂരിലെ നൂർ അൽ അസ്നാൻ പൽപ്പൊടിക്കും മേളയിൽ ആവശ്യക്കാരേറെയാണ്. സ്ത്രീ സംരംഭകരുടെ സ്റ്റാളുകളും വ്യവസായ വകുപ്പ് സജ്ജീകരിച്ചിട്ടുണ്ട്. ’ആടിക്കോ ബേബി’ എന്ന പേരിൽ നിർമിച്ച കുട്ടികളുടെ ഉൗഞ്ഞാലും തടിയിൽ നിർമിച്ച പ്രത്യേകതരം ഫോട്ടോ ഫ്രെയിമുമാണ് സ്ത്രീ സംരംഭകരുടെ സ്റ്റാളുകളിൽ സന്ദർശകരെ പിടിച്ചിരുത്തുന്നത്. ചക്ക വിഭവങ്ങൾ, അച്ചാറുകൾ, ബാഗുകൾ, ഫാൻസി ഉത്പ്പന്നങ്ങൾ, കേശസംരക്ഷണത്തിനുള്ള എണ്ണ തുടങ്ങിയവയും സ്ത്രീ സംരംഭകർ സ്റ്റാളുകളിൽ എത്തിച്ചിട്ടുണ്ട്.
ഭക്ഷ്യോത്പ്പന്നങ്ങൾ, തടി ഉപയോഗിച്ചുള്ള അലങ്കാര വസ്തുക്കൾ, ചിരട്ട ഉത്പന്നങ്ങൾ, മറ്റു കരകൗശല വസ്തുക്കൾ, ആയുർവേദ ഉത്പ്പന്നങ്ങൾ, അലങ്കാര വസ്തുക്കൾ, തുണിത്തരങ്ങൾ, മസാലപ്പൊടികൾ, സോപ്പുകൾ എന്നിവ ഉൾപ്പെടെ വിപണന സ്റ്റാളുകളിൽ വ്യവസായ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്.