പൊന്നാനി: വെളിയങ്കോട് ലോക്ക് കം ബ്രിഡ്ജ് യാഥാർഥ്യമാകുന്നതോടെ പ്രദേശത്തെ ശുദ്ധ ജലവിതരണത്തിനും 2400 ഹെക്ടർ കൃഷിഭൂമിയിലേക്കുള്ള ജലസേചനത്തിനും പ്രയോജനപ്പെടുമെന്നു ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. വെളിയങ്കോട് ലോക്ക് കം ബ്രിഡ്ജിന്റെ നിർമാണോദ്ഘാടനം ഓണ്‍ലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ വീടുകളിലും 2024 ഓടെ കുടിവെള്ള കണക്ഷൻ എത്തിക്കുകയാണ് ലക്ഷ്യമെന്നും കർഷകരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ കൈക്കൊള്ളുന്നതെന്നും മന്ത്രി പറഞ്ഞു.
പി.നന്ദകുമാർ എംഎൽഎ അധ്യക്ഷനായിരുന്നു. ശിലാഫലകം പി.നന്ദകുമാർ എംഎൽഎ അനാച്ഛാദനം ചെയ്തു. കൊല്ലം ഇൻലാന്റ് നാവിഗേഷൻ ഡയറക്ടർ അരുണ്‍ കെ.ജേക്കബ് റിപ്പോർട്ട് അവതരിപ്പിച്ചു. പെരുന്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഇ. സിന്ധു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കല്ലാട്ടേൽ ഷംസു, ബിനീഷ മുസ്തഫ, ജില്ലാ പഞ്ചായത്തംഗം എ.കെ. സുബൈർ, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ താജുന്നീസ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. അജയൻ, കെ.സി. ഷിഹാബ്, ഗ്രാമപഞ്ചായത്തംഗങ്ങളായ സുമിത രതീഷ്, കെ.എ ബക്കർ, ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എൻ.ബീന തുടങ്ങി ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖരും ഉദ്യോഗസ്ഥരും പങ്കെടുത്തു.
ലോക്ക് കം ബ്രിഡ്ജിന്റെ നിർമാണ പ്രവർത്തനങ്ങൾ പി. നന്ദകുമാർ എംഎൽഎ സന്ദർശിച്ചു പുരോഗതി വിലയിരുത്തി. കുടിവെള്ളം ലഭ്യമാക്കുന്നതോടൊപ്പം കാർഷിക മേഖലക്കും പദ്ധതി യാഥാർഥ്യമാകുന്നതോടെ ഏറെ പ്രയോജനമാകുമെന്നും ഒന്നര വർഷം കൊണ്ടു നിർമാണം പൂർത്തിയാക്കി പദ്ധതി നാടിനു സമർപ്പിക്കുമെന്നും എംഎൽഎ പറഞ്ഞു. വെളിയങ്കോട് -മാറഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പൊന്നാനി ചേറ്റുവ കനാലിനു കുറുകെയാണ് ലോക്ക് കം ബ്രിഡ്ജ് നിർമാണം. വെളിയങ്കോടിനെയും മാറഞ്ചേരിയെയും തമ്മിൽ ബന്ധിപ്പിക്കുന്നതോടൊപ്പം താലൂക്കിന്റെ വിവിധ ഭാഗങ്ങളിലേക്കു എളുപ്പത്തിൽ യാത്ര ചെയ്യുന്നതിനും പദ്ധതി ഗുണകരമാകും. ലോക്ക് കം ബ്രിഡ്ജ് അപ്രോച്ച് റോഡും ഉൾപ്പടെ രണ്ടുഘട്ടങ്ങളിലായി 43.97 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ടെൻഡർ നടപടി പൂർത്തിയായ ബ്രിഡ്ജും ലോക്കും ഇലക്ട്രിക്കൽ വർക്കുമായി 29.87 കോടിയുടെ നിർമാണമാണ് ആദ്യഘട്ടത്തിൽ പൂർത്തീകരിക്കുക. കാസർഗോഡ് എം.എസ് ബിൽഡേഴ്സിനാണ് നിർമാണചുമതല. നബാർഡ് വിഹിതവും സംസ്ഥാന സർക്കാർ വിഹിതവും ചേർത്ത് 29.87 കോടി പ്രവൃത്തിയാണ് ആദ്യ ഘട്ടം പൂർത്തീകരിക്കുക. നാലര മീറ്റർ വീതീയിൽ ഒറ്റവരി പാലമാണ് നിർമിക്കുന്നത്. 25 മീറ്റർ ആണ് നീളം.
പെരുന്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഇ. സിന്ധു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കല്ലാട്ടേൽ ഷംസു, ബിനീഷ മുസ്തഫ, ജില്ലാ പഞ്ചായത്തംഗം എ.കെ. സുബൈർ, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ താജുന്നീസ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. അജയൻ, കൊല്ലം ഇൻലാന്റ് നാവിഗേഷൻ ഡയറക്ടർ അരുണ്‍ കെ.ജേക്കബ്, എം.എസ് ബിൽഡേഴ്സ് എം.ഡി ഹക്കീം എന്നിവരും എംഎൽഎക്കൊപ്പമുണ്ടായിരുന്നു.