മലപ്പുറം: കടലിനെയും കടലോരത്തേയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസവ്യവസ്ഥ വീണ്ടെടുക്കാൻ ഫിഷറീസ് വകുപ്പിന്റെ നേതൃ
ത്വത്തിൽ ജില്ലയിൽ കർമ പദ്ധതി പ്രവർത്തനങ്ങൾക്കു തുടക്കം. മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, മറ്റു സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ എന്നിവയുടെ സഹകരണത്തോടെ ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന തീവ്രയജ്ഞ പരിപാടിയായ ’ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതിയുടെ ജില്ലാതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കർമ പദ്ധതി നടപ്പാക്കുന്നത്.
ഇതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ യോഗം ചേർന്നു കടൽതീരമുള്ള ജില്ലയിലെ തദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കർമ പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികൾക്കു രൂപം നൽകി. തദ്ദേശസ്ഥാപന തലത്തിൽ ചെയ്യേണ്ട പ്രവർത്തനങ്ങൾ ജില്ലാതല കോ-ഓർഡിനേഷൻ കമ്മിറ്റി കണ്‍വീനർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ യോഗത്തിൽ വിശദീകരിച്ചു.
അനുബന്ധ വകുപ്പുകൾ, ഏജൻസികളായ ഹാർബർ എൻജിനീയറിംഗ്, പരിസ്ഥിതി വകുപ്പ്, ടൂറിസം, കെഐസ്സിഡിസി, മത്സ്യഫെഡ്, സാഫ്, യുവജന ക്ഷേമ ബോർഡ്, കുടുംബശ്രീ, ശുചിത്വമിഷൻ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവരുടെ പിന്തുണയും സഹകരണവും ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചും തദ്ദേശ സ്ഥാപനങ്ങൾക്ക് മാർഗ നിർദേശങ്ങൾ നൽകിയുമാണ് പ്രവർത്തനം.
ബോധവത്ക്കരണം, പ്ലാസ്റ്റിക് മാലിന്യ ശേഖരണവും അതിന്റെ പുനരുപയോഗവും തുടർ കാന്പയിൻ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായാണ് കർമപദ്ധതി. മത്സ്യത്തൊഴിലാളികൾ, ട്രേഡ് യൂണിയനുകൾ, ബോട്ടുടമ സംഘടനകൾ, സാമുദായിക സംഘടനകൾ, സന്നദ്ധ സംഘടനകൾ, അച്ചടി, ദൃശ്യശ്രവ്യമാധ്യമങ്ങൾ, സാമൂഹിക മാധ്യമങ്ങൾ, സിനിമ, സംസ്കാരിക പ്രവർത്തകർ, പരിസ്ഥിതി സംഘടനകൾ, രാഷ്ട്രീയ കക്ഷികൾ, തദ്ദേശ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ എന്നിവ മുഖേന സെമിനാറുകൾ, ബിറ്റ് നോട്ടീസുകൾ, ബ്രോഷറുകൾ തുടങ്ങിയവയിലൂടെ കാന്പയിൻ നടത്തും.
കടലും കടലോരവും മറ്റു ജല സ്രോതസുകളും പ്ലാസ്റ്റിക്മുക്തമാക്കി സൂക്ഷിക്കേണ്ടതിന്റെയും പ്രധാന്യത്തെക്കുറിച്ചും പ്ലാസ്റ്റിക് കാരണം കടലിലും കടൽതീരത്തും കടലോര ജീവിതത്തിലും ഉണ്ടാകാനിടയുള്ള ദോഷഫലങ്ങളെക്കുറിച്ചും പ്രചാരണവും ബോധവത്കരണവും സംഘടിപ്പിക്കും. ഇതിനായി ശാസ്തീയ അടിത്തറയുള്ള ബിറ്റ് നോട്ടീസുകൾ പുറത്തിറക്കും.
പ്ലാസ്റ്റിക് മുക്ത കടലോര തീവ്രയജ്ഞ പരിപാടി നടപ്പാക്കുന്നതിനായി തദ്ദേശ തല കോ-ഓർഡിനേഷൻ കമ്മിറ്റികൾ രൂപീകരിക്കും .തദ്ദേശ സ്വയം ഭരണ കോ-ഓർഡിനേഷൻ കമ്മിറ്റിയിൽ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, ഫിഷറീസ് ഓഫീസർ എന്നിവർ കണ്‍വീനറാകും. തദ്ദേശ സ്ഥാപന അധ്യക്ഷൻമാരാകും ചെയർമാൻമാർ.
മത്സ്യഫെഡ്, ഹാർബർ എൻജിനീയറിംഗ്, സ്റ്റേഷൻ ഹൗസ് ഓഫീസർ, കോസ്റ്റൽ പോലീസ്, വില്ലേജ് ഓഫീസർ, ഹെൽത്ത് ഇൻസ്പെക്ടർ, സിഡിഎസ് ചെയർപേഴ്സണ്‍, എൻഎസ്എസ്, എൻസിസി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ഹരിത കേരള മിഷൻ, ജലസംരക്ഷണ ഉപമിഷൻ ടെക്നിക്കൽ കമ്മിറ്റി അംഗങ്ങൾ, കലാ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സാമുദായ സംഘടനാ ഭാരവാഹികൾ, യുവജന മഹിളാ വിദ്യാർഥി സംഘടനാ ഭാരവാഹികൾ, സർവീസ് സംഘടനാ ഭാരവാഹികൾ, തീരദേശ വാർഡ് അംഗങ്ങൾ, കൗണ്‍സിലർമാർ, മത്സ്യത്തൊഴിലാളി സംഘടനാ പ്രാദേശിക നേതാക്കൾ, ബോട്ടുടമ സംഘടനാ പ്രാദേശിക നേതാക്കൾ, യൂത്ത് കോ-ഓർഡിനേറ്റ് ഓഫ് നെഹുറു യുവ കേന്ദ്ര, യുവജനക്ഷേമ ബോർഡ് പ്രതിനിധികൾ, ഹരിതസേന കണ്‍സോർഷ്യം, ബ്ലോക്ക് കോ-ഓർഡിനേറ്റർ കുടുംബശ്രീ മിഷൻ, മറ്റു തൊഴിലാളി സംഘടനകൾ, കടലോര ജാഗ്രത സമിതി അംഗങ്ങൾ തുടങ്ങിയവയുടെയും ഏജൻസികളുടെയും സഹകരണത്തോടെയാണ് പദ്ധതി നിർവഹണം. ജില്ലയിലെ 70 കിലോമീറ്റർ വരുന്ന കടൽ തീരത്ത് ഓരോ കിലോമീറ്ററും മാപ്പ് ചെയ്ത് ഓരോ ആക്ഷൻ കേന്ദ്രം രൂപീകരിക്കുകയും ഓരോ ആക്ഷൻ കേന്ദ്രത്തിലും 25 വീതം വരുന്ന സന്നദ്ധ പ്രവർത്തകരെ കണ്ടെത്തി ചുമതല നൽകുകയും ചെയ്യും.
ഓരോ 200 മീറ്ററിലും പ്ലാസ്റ്റിക് കളക്ഷൻ ബോക്സ് സ്ഥാപിച്ച് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഷ്രഡിംഗ് യൂണിറ്റുകളിലേക്കു മാറ്റി റീസൈക്ലിംഗ് ചെയ്യുകയാണ് ലക്ഷ്യം. മുങ്ങൽ വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തി അഴിമുഖങ്ങൾ, പുലിമുട്ടുകൾ എന്നിവിടങ്ങളിലെ പ്ലാസ്റ്റിക്് മാലിന്യങ്ങൾ മുങ്ങിയെടുത്ത് നീക്കം ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങളാണ് തദേശസ്വയംഭരണ കോ-ഓർഡിനേഷൻ കമ്മിറ്റി വിവിധ വകുപ്പുകളിലൂടെയും ഏജൻസികളിലൂടെയും സന്നദ്ധ സംഘടനകളിലൂടെയും ഏറ്റെടുത്തു നടത്തേണ്ടത്.