മിന്നൽ പണിമുടക്ക്: കേരള യൂത്ത് ഫ്രണ്ട് -എം നിവേദനം നൽകി
1223716
Thursday, September 22, 2022 11:13 PM IST
മലപ്പുറം: മഞ്ചേരി സ്റ്റാൻഡിൽ നിന്നു പുറപ്പെടുന്ന റൂട്ടുകളിലേക്കു യാതൊരു മുന്നറിയിപ്പുമില്ലാതെ ഇന്നലെ സ്വകാര്യ ബസുകൾ നടത്തിയ പണിമുടക്കിൽ പ്രതിഷേധിച്ചു കേരള യൂത്ത് ഫ്രണ്ട് -എം മലപ്പുറം ജില്ലാ കമ്മിറ്റി കളക്ടർക്കു നിവേദനം നൽകി. പണമുടക്കു കാരണം രാവിലെ ഓഫീസുകളിലേക്കും സ്കൂളിലേക്കും മറ്റും പോകുന്നവർ ദുരിതത്തിലായി. യാത്രക്കാർ ബസുകളില്ലെന്ന വിവരം അറിയുന്നതു രാവിലെ ബസ് കാത്തുനിൽക്കുന്പോഴാണ്. മുന്നറിയിപ്പില്ലാതെനടത്തുന്ന ഇത്തരം പണിമുടക്ക് സംഭവിക്കാൻ പാടില്ലെന്നും അതിനെ മറികടന്നാൽ തക്കതായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും യൂത്ത് ഫ്രണ്ട് -എം ജില്ലാ പ്രസിഡന്റ് എഡ്വിൻ തോമസ് പറഞ്ഞു.കെഎസ്ആർടിസി ഓർഡിനറി സർവീസ് മറ്റു ജില്ലകളിൽ നടത്തുന്നതു പോലെ, മലപ്പുറം ജില്ലയിൽ എല്ലാ റൂട്ടുകളിലും അനുവദിക്കണം. രാത്രികാലങ്ങളിൽ ജില്ലയിലെ റെയിൽവെ സ്റ്റേഷനുകളായ അങ്ങാടിപ്പുറം, തിരൂർ, പരപ്പനങ്ങാടി, നിലന്പൂർ റോഡ് എന്നിവിടങ്ങളിൽ എത്തുന്ന യാത്രികർ പെരുവഴിയിലാവുകയാണ്. ജില്ലയിലെ പ്രധാനപ്പെട്ട രണ്ടു റെയിൽവേ സ്റ്റേഷൻ തമ്മിൽ കണക്ട് ചെയ്യുന്ന നിലന്പൂർ മുതൽ പരപ്പനങ്ങാടിയിലേക്കു ഒരു കെഎസ്ആർടിസി സർവീസെങ്കിലും ഉടനടി തുടങ്ങണമെന്നും യൂത്ത് ഫ്രണ്ട് -എം ആവശ്യപ്പെട്ടു. മോട്ടോർ വാഹനവകുപ്പിനും നിവേദനം നൽകി. ഇതോടൊപ്പം ഗതാഗത വകുപ്പ് മന്ത്രിക്ക് ഇമെയിലൂടെ നിവേദനം അയച്ചതായി യൂത്ത് ഫ്രണ്ട് -എം ജില്ലാ ജനറൽ സെക്രട്ടറി തേജസ് മാത്യു കറുകയിൽ അറിയിച്ചു.