‘ഗോവർധിനി’ പദ്ധതിക്ക് ജില്ലയിൽ തുടക്കം
1223719
Thursday, September 22, 2022 11:13 PM IST
പെരിന്തൽമണ്ണ: മൃഗസംരക്ഷണ വകുപ്പിന്റെ കന്നുകുട്ടി പരിപാലന പദ്ധതിയായ ‘ഗോവർധിനി’ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. പെരിന്തൽമണ്ണ മുനിസിപ്പൽ ഹാളിൽ നടന്ന ജില്ലാതല ഉദ്ഘാടനം നഗരസഭാ ചെയർമാൻ പി. ഷാജി നിർവഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സണ് എ. നസീറ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.പി.യു അബ്ദുൾ അസീസ് മുഖ്യപ്രഭാഷണം നടത്തി. മികച്ചയിനം കന്നുകുട്ടികളെ ചെറുപ്രായത്തിൽ തന്നെ തെരഞ്ഞെടുത്ത് അവക്ക് മാസാമാസങ്ങളിൽ സബ്സിഡി നിരക്കിൽ കാലിത്തീറ്റ നൽകുന്നതാണ് ഗോവർധിനി പദ്ധതി. ഇതുവഴി ജില്ലയിലെ ക്ഷീരോത്പാദനം വർധിപ്പിക്കുകയാണ് ലക്ഷ്യം. പദ്ധതി തീരുന്ന കാലം വരെ കന്നുകുട്ടികൾക്ക് ഇൻഷ്വറൻസ് പരിരക്ഷയും ലഭിക്കും. കാലിത്തീറ്റയുടെ വില വർധനവുമൂലം ബുദ്ധിമുട്ടുന്ന ക്ഷീരകർഷകർക്ക് അവരുടെ കന്നുകുട്ടികളെ പരിപാലിക്കുന്നതിനു ആശ്വാസം നൽകുന്ന ഈ പദ്ധതി ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ഉടൻ നടപ്പാക്കുമെന്നു ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.പി.യു അബ്ദുൾ അസീസ് പറഞ്ഞു.
പദ്ധതിയുടെ ജില്ലാതല നിർവഹണ ഉദ്യോഗസ്ഥനായ നിലന്പൂർ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ ഡോ.സക്കറിയ സാദിഖ് പദ്ധതി വിശദീകരിച്ചു.
കന്നുകുട്ടി പരിപാലനവുമായി ബന്ധപ്പെട്ട പരിശീലനത്തിനു ആതവനാട് ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിംഗ് സെന്ററിലെ ഡെപ്യൂട്ടി ഡയറക്ടർ ഡോ.ഷാജൻ ജേക്കബ് നേതൃത്വം നൽകി.
മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ അന്പിളി മനോജ്, ഉണ്ണികൃഷ്ണൻ, സന്തോഷ്കുമാർ, ഷാൻസി നന്ദകുമാർ, മുഹമ്മദ്് ഹനീഫ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ.ജോയ്ജോർജ്, പെരിന്തൽമണ്ണ സീനിയർ വെറ്ററിനറി സർജൻ ഡോ.ശിവകുമാർ, പെരിന്തൽമണ്ണ വെറ്ററിനറി സർജൻ ഡോ.ഷമീം ആലുങ്ങൽ, കൗണ്സിലർ ഫാറൂഖ്, സെക്രട്ടറി ജി. മിത്രൻ എന്നിവർ പ്രസംഗിച്ചു.