മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
1223720
Thursday, September 22, 2022 11:13 PM IST
പെരിന്തൽമണ്ണ: മാരക ലഹരിമരുന്നായ മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ (എംഡിഎംഎ)യുമായി യുവാവ് പിടിയിൽ. മലപ്പുറം ഒതുക്കുങ്ങൽ മറ്റത്തൂർ സ്വദേശി കാളങ്ങാടൻ സുബൈറി(42) നെയാണ് കൊളത്തൂർ പോലീസ് അറസ്റ്റു ചെയ്തത്. അന്താരാഷ്ട്ര മാർക്കറ്റിൽ ഒരു കോടിയോളം രൂപ വിലവരുന്ന 140 ഗ്രാം ക്രിസ്റ്റൽ എംഡിഎംഎയുമാണ് ഇയാൾ പിടിയിലായത്. ബംഗളുരൂ, വിരാജ്പേട്ട എന്നിവിടങ്ങളിൽ നിന്നു മലപ്പുറം ജില്ലയിൽ വിൽപ്പന നടത്താനായി സിന്തറ്റിക് മയക്കുമരുന്നിനത്തിൽപ്പെട്ട എംഡിഎംഎ, എൽഎസ്ഡി സ്റ്റാംപുകൾ തുടങ്ങിയ മയക്കുമരുന്നുകൾ അവിടെയുള്ള ഏജന്റുമാർ മുഖേന മലപ്പുറം ജില്ലയിലെത്തിച്ച് വിൽപ്പന നടത്തുന്ന സംഘങ്ങളിൽപ്പെട്ട ആളാണ് പിടിയിലായത്.
ഈ സംഘങ്ങളെക്കുറിച്ചും കോട്ടക്കൽ കേന്ദ്രീകരിച്ചുള്ള ഈ സംഘത്തിലെ ചില കണ്ണികളെക്കുറിച്ചും മലപ്പുറം പോലീസ് മേധാവി എസ്.സുജിത്ത്ദാസിനു ലഭിച്ച വിവരത്തെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് സുബൈർ പിടിയിലായത്.കർണാടകയിലെ കുടക്, വിരാജ്പേട്ട എന്നിവിടങ്ങളിലെ രഹസ്യകേന്ദ്രങ്ങളിൽ തങ്ങി ഏജന്റുമാർ മുഖേനയാണ് മൊത്തവിൽപ്പനക്കാരിൽ നിന്നു ഇത്തരം മയക്കുമരുന്ന് കാരിയർമാർ കേരളത്തിലേക്കു എത്തിക്കുന്നത്. പാഴ്സലുകളിലും വെഹിക്കിൾ പാർട്സ്, കളിപ്പാട്ടങ്ങൾ എന്നിവയിലും മറ്റും ഒളിപ്പിച്ചു ബസ്, ട്രെയിൻ മാർഗമാണ് കേരളത്തിലേക്കു കടത്തുന്നത്. ചെറിയ പാക്കറ്റുകളിലാക്കിയ അരഗ്രാമിനു മൂവായിരം രൂപ മുതലാണ് ചെറുകിട വിൽപ്പനക്കാർ വില ഈടാക്കുന്നത്. യുവാക്കളെ ലക്ഷ്യം വച്ച് ഇതര സംസ്ഥാനങ്ങളിൽ നിന്നു ജില്ലയിലേക്കു കടത്തുന്ന ലഹരിമാഫിയാ സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മലപ്പുറം എസ്പി എസ്.സുജിത്ത്ദാസ് അറിയിച്ചു. പെരിന്തൽമണ്ണ ഡിവൈഎസ്പി എം.സന്തോഷ്കുമാർ, സിഐമാരായ സി.അലവി, സുനിൽ പുളിക്കൽ, എസ്ഐമാരായ ടി.കെ.ഹരിദാസ്, എ.എം.യാസിർ, എഎസ്ഐബൈജു, എസ്സിപിഒമാരായ കെ. വിനോദ്, ബിജു പളളിയാലിൽ, സുബ്രഹ്മണ്യൻ, വിപിൻചന്ദ്രൻ, വിജേഷ്, വിജയൻ കപ്പൂർ, കെ.എസ് രാകേഷ് എന്നിവരുംജില്ലാ ആന്റി നർക്കോട്ടിക് സ്ക്വാഡുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പെരിന്തൽമണ്ണ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷിന്റെസാന്നിധ്യത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.