റേഷൻ വ്യാപാരികൾ സമരത്തിനൊരുങ്ങുന്നു
1224392
Sunday, September 25, 2022 12:02 AM IST
മഞ്ചേരി : കോവിഡ് കാലത്ത് സംസ്ഥാന സർക്കാർ നൽകിയ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്ത വകയിൽ റേഷൻ വ്യാപാരികൾക്കു നൽകുവാനുള്ള കമ്മീഷൻ ഇനിയും നൽകിയില്ല. 2020-2021 കാലയളവിൽ പതിമൂന്നു മാസമാണ് കാർഡുടമകൾക്കു കിറ്റ് വിതരണം ചെയ്തത്. ഇതിൽ മൂന്നു മാസം മാത്രമാണ് കമ്മീഷൻ നൽകിയത്. ബാക്കി പത്തുമാസത്തെ കമ്മീഷൻ നാളിതുവരെ നൽകിയിട്ടില്ല. ഇതിനിടെ ഇക്കഴിഞ്ഞ ഓണത്തിനു റേഷൻ വ്യാപാരികൾക്ക് ആയിരം രൂപ സർക്കാർ അലവൻസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതും നൽകിയിട്ടില്ല.
ഓഗസ്റ്റ് മാസത്തിലെ വേതനവും കുടിശികയായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സംസ്ഥാന വ്യാപകമായി സമരത്തിനൊരുങ്ങുന്നത്. ഇതിന്റെ മുന്നോടിയായി തിങ്കളാഴ്ച താലൂക്ക് സപ്ലൈ കാര്യാലയങ്ങൾക്കു മുന്നിൽ ധർണ നടത്തും. ഏറനാട് താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ ഉച്ചക്ക് 12.30ന് നടക്കുന്ന പ്രതിഷേധ ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് സി.വി. മുഹമ്മദ് ഉദ്ഘാടനം ചെയ്യും.
മണ്ണെണ്ണ വാതിൽ പടിയായി വിതരണം നടത്തുക, വേതന പാക്കേജ് പരിഷ്കരിക്കുക, സർക്കാർ റേഷൻ വ്യാപാരികളോട് അനുവർത്തിക്കുന്ന അവഗണന അവസാനിപ്പിക്കുക, വിതരണം തീർന്നു അഞ്ചു ദിവസത്തിനകം വേതനം നൽകുമെന്ന വാഗ്ദാനം പാലിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം.