വളർത്തുനായ്ക്കൾക്ക് ലൈസൻസിനു നിലന്പൂരിൽ നടപടിയായി
1224404
Sunday, September 25, 2022 12:04 AM IST
നിലന്പൂർ: നിലന്പൂർ നഗരസഭ വളർത്തുനായ്ക്കൾക്കു ലൈസൻസ് നൽകുന്ന നടപടികൾ തുടങ്ങി. വാക്സിനേഷൻ ലഭിച്ച നായ്ക്കളുടെ ഉടമകൾക്കു നഗരസഭ ലൈസൻസ് നൽകിത്തുടങ്ങി. പരിപാടിയുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷൻ മാട്ടുമ്മൽ സലീം നിർവഹിച്ചു. ലൈസൻസ് വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭാ സെക്രട്ടറി ജി. ബിനുജി നഗരസഭാ ഉപാധ്യക്ഷ അരുമ ജയകൃഷ്ണനു ലൈസൻസ് നൽകി നിർവഹിച്ചു. നഗരസഭയിൽ 32 പേർ അവരുടെ നായ്ക്കൾക്ക് വാക്സിനേഷൻ നൽകി ലൈസൻസ് കൈപ്പറ്റി. നഗരസഭാ പരിധിയിലെ നായ്ക്കളെയും പൂച്ചകളെയും വളർത്തുന്നവർ അവയ്ക്കു വാക്സിനേഷൻ നൽകി ലൈസൻസ് വാങ്ങണമെന്നു നഗരസഭാ അധ്യക്ഷൻ മാട്ടുമ്മൽ സലീം പറഞ്ഞു.
വാക്സിനേഷനു മൃഗാശുപത്രിയിൽ സൗകര്യമുണ്ട്. വീട്ടിലെത്തി വാക്സിനേഷൻ നൽകാനും നഗരസഭ ആരോഗ്യ വിഭാഗം തയാറാണെന്നു അധ്യക്ഷൻ പറഞ്ഞു. തെരുവുനായ ശല്യം രൂക്ഷമാവുകയും തെരുവുനായ്ക്കൾക്കു വ്യാപകമായി സംസ്ഥാനത്ത് പേവിഷബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ വളർത്തുമൃഗങ്ങൾക്കു ലൈസൻസ് നിർബന്ധമാക്കിയത്. തെരുവുനായ്ക്കൾക്കു വാക്സിനേഷൻ നൽകിയ നഗരസഭ എന്ന നിലയിൽ ജില്ലാ പഞ്ചായത്തിന്റെ പ്രത്യേക പ്രശംസയും നിലന്പൂർ നഗരസഭക്കു ലഭിച്ചിരുന്നു. ചടങ്ങിൽ കൗണ്സിലമാരായ രവീന്ദ്രൻ, സെക്രട്ടറി ജി. ബിനുജി, ഹെൽത്ത് ഇൻസ്പെക്ടർ ഷെമീർ എന്നിവർ പങ്കെടുത്തു.