വിരണ്ടോടിയ പോത്തിനെ തളച്ചു
1226813
Sunday, October 2, 2022 12:21 AM IST
കരുവാരകുണ്ട്: അറവിനായി കൊണ്ടുവന്ന പോത്ത് ഇടഞ്ഞോടിയത് പ്രദേശവാസികളെ ഭീതിയിലാക്കി. കരുവാരക്കുണ്ട് തരിശിൽ നിന്നു കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉടമയുടെ പക്കൽ നിന്നു പോത്ത് വിരണ്ടോടിയത്.
നിലന്പൂർ - പെരിന്പിലാവ് സംസ്ഥാനപാത വഴി സഞ്ചരിച്ച പോത്തിന്റെ മുന്നിൽ അകപ്പെടാതെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കുട്ടികളും സ്ത്രീകളും വയോധികരുമടക്കമുള്ള നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ഇന്നലെ പുലർച്ചെ കിഴക്കേത്തല ടൗണ്‍ വഴി കുട്ടത്തി കൽകുളത്ത് സ്വകാര്യ വ്യക്തിയുടെ റോഡിലൂടെ സഞ്ചരിച്ച പോത്ത് വീടിന്റെ ഗേറ്റ് തകർക്കാനും ശ്രമിച്ചു. തുടർന്നു കൃഷിയിടത്തിൽ നിലയുറപ്പിച്ച പോത്ത് അതുവഴി വന്ന ആളുകളെ വിരട്ടിയോടിച്ചു. ഉടമ അറിയിച്ചതനുസരിച്ച് നിലന്പൂരിൽ നിന്നെത്തിയ ഫയർഫോഴ്സിന്റെ സഹായത്തോടെയാണ് പോത്തിനെ ബന്ധിച്ചത്.