സ്കൂൾ കലോത്സവം: രക്ഷിതാക്കൾക്ക് മേളയൊരുക്കി വിദ്യാലയം
1226814
Sunday, October 2, 2022 12:21 AM IST
കാളികാവ്: കുട്ടികളുടെ കലോൽസവത്തോടൊപ്പം രണ്ടു ദിവസങ്ങളിലായി അവരുടെ രക്ഷിതാക്കൾക്കും കലാമേള ഒരുക്കി പാറൽ മന്പാട്ടുമൂല എഎച്ച്എസ്എസ് ശ്രദ്ധേയമായി. പഠനകാലത്ത് കലാമേളകളിൽ മികവു കാണിക്കുകയും പിന്നീട് അവസരങ്ങൾ നഷ്ടപ്പെടുകയും ചെയ്ത രക്ഷിതാക്കളെയും ചേർത്തുനിർത്തുകയായിരുന്നു.
സ്കൂൾ കലോൽസവ കമ്മിറ്റി. കലോത്സവവേദികളിൽ കുട്ടികൾ അവതരിപ്പിക്കുന്ന വിവിധയിനങ്ങൾ രക്ഷിതാക്കൾക്കു അവതരിപ്പിക്കാൻ അവസരമൊരുക്കിയിരുന്നു. കഥാരചന, കവിതാ രചന, ചിത്രരചന, വാട്ടർകളർ, പ്രസംഗം തുടങ്ങി സ്റ്റേജിതര ഇനങ്ങളും ലളിതഗാനം, മാപ്പിളപാട്ട്, സിനിമ ഗാനം, പദ്യംചൊല്ലൽ, മിമിക്രി, മോണോ ആക്ട്, നാടോടി നൃത്തം തുടങ്ങി സ്റ്റേജിനങ്ങളും സംഘടിപ്പിച്ചു. നൂറിലധികം രക്ഷിതാക്കൾ പങ്കെടുത്തു. സ്കൂൾ കലാമേള ഉദ്ഘാടനം ചോക്കാട് ഗ്രാമപഞ്ചായത്ത് മെംബർ സിറാജുദൻ നീലാംബ്രയും രക്ഷിതാക്കളുടെ കലാമേള ഉദ്ഘാടനം പിടിഎ പ്രസിഡന്റ് നൗഷാദ് വാഴക്കാടനും നിർവഹിച്ചു. വയലിനിസ്റ്റ് ടോം ജോസ് മണിമൂളി, സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയും സിനിമകളിലെ പിന്നണി ഗാനത്തിലൂടെ ശ്രദ്ധേയമായ ഹിദാ സക്കീർ ചോക്കാടും മുഖ്യാതിഥികളായിരുന്നു.
ഹെഡ്മാസ്റ്റർ വി.പി മുജീബ്റഹ്മാൻ, പ്രിൻസിപ്പൽ പി.പി സുനിൽബാബു, കലാമേള കണ്‍വീനറും അധ്യാപികയുമായ ദീപിക, രക്ഷിതാക്കളുടെ കലാമേളയുടെ കോ-ഓർഡിനേറ്റർ സന്ദീപ് മാട്ടട എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.