കായകൽപ് അവാർഡ്: അന്തിമപട്ടികയിൽ തിരൂരങ്ങാടി താലൂക്കാശുപത്രി
1243547
Sunday, November 27, 2022 3:44 AM IST
മലപ്പുറം: സംസ്ഥാന കായകൽപ് അവാർഡിന് പരിഗണിക്കുന്ന ആശുപത്രികളുടെ പട്ടികയിൽ ആദ്യമായി ഇടം പിടിച്ച് തിരൂരങ്ങാടി താലൂക്കാശുപത്രി. 350 ചെക്ക് പോയിന്റകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുന്ന അസെസ്മെന്റിൽ 87.43 ശതമാനം മാർക്ക് ജില്ലാതല അസെസ്മെന്റിൽ നേടിയാണ് തിരൂരങ്ങാടി താലൂക്കാശുപത്രി സംസ്ഥാനതലത്തിൽ 20 താലൂക്കാശുപത്രികളടങ്ങിയ അന്തിമപട്ടികയിൽ പട്ടികയിൽ കയറിയത്. മലപ്പുറം ജില്ലയിൽ നിന്നു 84 ശതമാനം മാർക്ക് നേടിയ പൊന്നാനി താലൂക്കാശുപത്രിയാണ് താലൂക്ക് ആശുപത്രികളുടെ തലത്തിൽ ലിസ്റ്റിലുള്ള മറ്റൊരു ആശുപത്രി.
സംസ്ഥാന തലത്തിൽ കൂടുതൽ മാർക്ക് നേടി വലിയ സ്ഥാനങ്ങൾ ലഭിക്കുന്നതിനു ആശുപത്രിയിൽ വിവിധ പ്രവൃത്തികളും മോഡി പിടിപ്പിക്കലുകളും ഇനിയും നടത്തേണ്ടതുണ്ട്. തിരൂരങ്ങാടി നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സഹകരണത്തോടെയും ആശുപത്രിയുടെ പരിസര പ്രദേശങ്ങളിലെ വിവിധ രാഷ്ട്രീയ, സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും പൂർണ സഹകരണത്തോടെയാണ് പല പ്രവൃത്തികളും നടപ്പാക്കികൊണ്ടിരിക്കുന്നത്. തുടർന്നും അത്തരം ഇടപെടലുകളും സഹകരണങ്ങളും ഉണ്ടെങ്കിൽ മാത്രമേ ഡിസംബർ 17ന് നടക്കുന്ന അസെസ്മെന്റിൽ സംസ്ഥാനതലത്തിലും തിളക്കമാർന്ന നേട്ടം തിരൂരങ്ങാടി താലൂക്കാശുപത്രിക്ക് നേടാൻ സാധിക്കുകയുള്ളൂവെന്നു ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ് അറിയിച്ചു.