വാടക വീട്ടിൽ ലഹരിക്കച്ചവടം; ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തി കേസെടുത്തു
1244150
Tuesday, November 29, 2022 12:14 AM IST
മലപ്പുറം: വാടക വീട്ടിൽ ലഹരികച്ചവടം നടത്തിയയാളെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തി കേസെടുത്തു. യുവജന കമ്മീഷനിൽ ലഭിച്ച പരാതിയെ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. പൊന്നാനി സ്വദേശിയായ യുവതിയുടെ ഉടമസ്ഥതയിലുള്ള വാടക വീട്ടിൽ 13 വർഷമായി താമസിക്കുന്നയാൾക്കെതിരെയായിരുന്നു പരാതി. ഒഴിഞ്ഞു നൽകാൻ തയാറാവാതെ വീട്ടിൽ നിരോധിത ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നുണ്ടെന്ന് കാണിച്ച് കമ്മീഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പരാതി പോലീസിന് കൈമാറി. സംഭവത്തിൽ നടപടി സ്വീകരിക്കാൻ എക്സൈസ് വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നു കമ്മീഷൻ ചെയർപേഴ്സൻ ചിന്ത ജെറോം പറഞ്ഞു.
ജോലിയിൽ നിന്നു പിരിച്ച് വിട്ട അരീക്കോട് സ്വദേശിക്ക് ശന്പള കുടിശികയും മുഴുവൻ ആനുകൂല്യവും നൽകാനും കമ്മീഷൻ ഉത്തരവിട്ടു. കോവിഡ് സമയത്താണ് താൻ ജനറൽ മാനേജരായ കന്പനിയിൽ നിന്നുമാണ് യുവാവിനെ പിരിച്ച് വിട്ടത്. കീഴ് ജീവനക്കാരായ രണ്ടു പേരെ പിരിച്ചു വിടാൻ നിർദേശിച്ചതു അവഗണിച്ചതിനെ തുടർന്നാണ് യുവാവിനെ ജോലിയിൽ നിന്നു ഒഴിവാക്കിയത്.
തുടർന്നു കമ്മീഷനെ സമീപിക്കുകയായിരുന്നു. ഏഴു മാസത്തെ ശന്പളം, മറ്റു ആനുകൂല്യം എന്നിവ നൽകാൻ കമ്മീഷൻ ഉത്തരവായി. ഇവ ഒരു മാസത്തിനകം നൽകാമെന്ന് കന്പനി അധികൃതർ അറിയിച്ചു.ലഹരി വിരുദ്ധ സന്ദേശമുയർത്തി ബീച്ച് ഫുട്ബോളും ഗോത്ര വിഭാഗത്തിൽപ്പെട്ടവർക്കായി ട്രൈബൽ ഫുട്ബോൾ മത്സരവും നടത്തുമെന്നു ചിന്ത ജെറോം പറഞ്ഞു. ആരോഗ്യ സംരക്ഷണത്തിന്റെ സന്ദേശം പകരുന്ന വിവിധ ബോധവത്കരണ പരിപാടികൾ നടത്തും. ജനകീയ കൂട്ടായ്മയിലൂടെ ബോധവത്കരണ പ്രവർത്തനത്തിന് മലപ്പുറത്ത് തുടക്കം കുറിക്കുമെന്നും അവർ പറഞ്ഞു. 22 പരാതികളാണ് മലപ്പുറത്ത് നടന്ന സിറ്റിംഗിൽ പരിഗണിച്ചത്. 16 എണ്ണം തീർപ്പാക്കി. ബാക്കിയുള്ളവ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു. മലപ്പുറം ഗവണ്മെന്റ് അതിഥി മന്ദിരത്തിൽ നടന്ന സിറ്റിംഗിൽ കമ്മീഷൻ അംഗം പി. മുബഷിർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പ്രകാശ് പി. ജോസഫ് എന്നിവരും പങ്കെടുത്തു.