മരങ്ങൾ മുറിക്കുന്നതു തടയാൻ കാവൽപ്പുര സ്ഥാപിച്ചു
1244151
Tuesday, November 29, 2022 12:14 AM IST
നിലന്പൂർ: നിലന്പൂർ കനോലി പ്ലോട്ടിനു സമീപമുള്ള പൈതൃക മരങ്ങൾ വനം വകുപ്പ് തന്നെ മുറിക്കുന്നതു തടയാൻ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ കാവൽപ്പുര ഏർപ്പെടുത്തി.
മരം മുറിച്ചിട്ട ആർആർടി ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് സമീപം കെഎൻജി റോഡിനോട് ചേർന്നാണ് താത്കാലിക ഷെഡ് കെട്ടി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കാവൽ നിൽക്കുന്നത്. മരം മുറിക്കുന്നതു താത്കാലികമായി നിർത്തിയെന്നു പറഞ്ഞിട്ടും തിങ്കളാഴ്ച പുലർച്ചെ രണ്ടു മരങ്ങൾ മുറിച്ച വനം വകുപ്പിന്റെ നടപടിയിൽ വിശ്വാസമില്ലാത്തതിനെ തുടർന്നാണ് യൂത്ത് കോണ്‍ഗ്രസ് കാവലേർപ്പെടുത്തിയതെന്ന് ഭാരവാഹികൾ പറഞ്ഞു.
കാവൽപ്പുരയുടെ ഉദ്ഘാടനം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയി നിർവഹിച്ചു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നിഷാദ് പൂക്കോട്ടുംപാടം അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ. ഗോപിനാഥ്, നഗരസഭാംഗം പാലോളി മെഹബൂബ്, മണ്ഡലം പ്രസിഡന്റ് അഡ്വ. ഷെറി ജോർജ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി, ജില്ലാ സെക്രട്ടറി അഷ്റഫ് കുഴിമണ്ണ, ഷിബു പുത്തൻവീട്ടിൽ, അജ്മൽ, ഷഫീഖ്, മാനു മൂർക്കൻ തുടങ്ങിയവർ പ്രസംഗിച്ചു.