ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
1244152
Tuesday, November 29, 2022 12:14 AM IST
തിരൂർ: റവന്യൂ ജില്ലാ സ്കൂൾ കലോത്സവം പ്രമാണിച്ച് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇന്നു മുതൽ ഡിസംബർ രണ്ടു വരെ ചമ്രവട്ടം പാതയിൽ ടിപ്പർ, ട്രക്കുകൾ തുടങ്ങിയ വലിയ വാഹനങ്ങൾക്കാണ് നിരോധനം. പൊന്നാനി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ കുറ്റിപ്പുറം വഴി ദേശീയപാതയിലേക്കു പ്രവേശിച്ചും കോഴിക്കോട് ഭാഗത്ത് നിന്നും ചേളാരിയിൽ നിന്നു ചമ്രവട്ടം പാതയിലേക്കു കടക്കാതെ ദേശീയപാത വഴിയും ബേപ്പൂരിൽ നിന്നു വരുന്നവ താനൂർ ബീച്ച് റോഡ് വഴി തീരദേശപാത വഴിയും കടന്നുപോകണമെന്നു തിരൂർ ഡിവൈഎസ്പി വി.വി ബെന്നി അറിയിച്ചു.
മേൽപ്പറഞ്ഞ ഭാഗങ്ങളിൽ പോലീസ് പരിശോധനയ്ക്കുണ്ടാകും. ജില്ലാ കലോത്സവത്തിന്റെ ഭാഗമായാണ് നിയന്ത്രണം. കലോത്സവത്തിന് കുട്ടികളുമായി എത്തുന്ന സ്കൂൾ ബസുകൾ കുട്ടികളെ വേദിക്കു സമീപം ഇറക്കി തിരൂർ രാജീവ്ഗാന്ധി സ്റ്റേഡിയത്തിനു
മുന്നിൽ സജ്ജമാക്കിയ പാർക്കിംഗ്് ഗ്രൗണ്ടിൽ നിർത്തണം. ചെറിയ വാഹനങ്ങൾ സർക്കാർ ഒന്നാം വാർഷികത്തിന് തയാറാക്കിയിരുന്ന പാർക്കിംഗ് ഗ്രൗണ്ടുകളിലും നിർത്തിയിടണം. ഇരുചക്രവാഹനങ്ങളും മറ്റു ചെറുവണ്ടികളും ബോയ്സ് സ്കൂളിൽ നിന്നു നൂറു മീറ്റർ അകലെ റോഡരികുകളിൽ ഗതാഗതതടസമുണ്ടാക്കാതെ നിർത്തണം.