വാഷും വാറ്റ് ചാരായവും പിടിച്ചെടുത്തു
1244156
Tuesday, November 29, 2022 12:15 AM IST
എടക്കര: മൂത്തേടത്തെ പുറന്പോക്ക് ഭൂമിയിൽ അഞ്ചിടങ്ങളിലായി ഒളിപ്പിച്ചുവച്ച 78 ലിറ്റർ വാഷും മൂന്നു ലിറ്റർ വാറ്റ് ചാരായവും എക്സെസ് സംഘം പിടിച്ചെടുത്തു. കൽക്കുളത്ത് നിലന്പൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.ആർ. രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് അഞ്ച് പ്ലാസ്റ്റിക് കുടങ്ങളിൽ പുറന്പോക്ക് ഭൂമിയിലെ അഞ്ചിടങ്ങളിലായി കലക്കിവച്ച വാഷും ചാരായവും പിടിച്ചെടുത്തത്. തുണിസഞ്ചിയിൽ പൊതിഞ്ഞ് ചെടികൾക്കിടയിൽ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല.
തൊണ്ടി സാധനങ്ങൾ കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിജു പി. ഏബ്രഹാം, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽ ദാസ്, എബിൻ സണ്ണി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.