ചവിട്ടുനാടക വേദിയിൽ വിധകർത്താക്കൾക്കു നേരേ പാഞ്ഞടുത്ത് മത്സരാർഥികൾ
1244352
Wednesday, November 30, 2022 12:02 AM IST
തിരൂർ: ഗവണ്മെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ ചവിട്ടുനാടക വേദിയിൽ നാടകീയ രംഗങ്ങൾ. തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെ വേദി രണ്ടിൽ നടന്ന ഹൈസ്കൂൾ വിഭാഗം ചവിട്ടുനാടകത്തിന്റെ മത്സരാർഥികളും രക്ഷിതാക്കളുമാണ് മത്സരഫലം വന്ന ശേഷം വിധികർത്താക്കൾക്കു നേരെ പാഞ്ഞടുത്തത്.
പതിനൊന്നു ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ഇതിൽ പത്തുടീമുകളും എ ഗ്രേഡ് സ്വന്തമാക്കി. ഒന്നാം സ്ഥാനം നേടിയ സംഘത്തിന്റെ കോഡ് നന്പർ പ്രഖ്യാപിച്ചതിനു പിന്നാലെ സദസിൽ നിന്നു രക്ഷിതാക്കൾ വിധികർത്താക്കൾക്കെതിരേ രംഗത്തെത്തുകയായിരുന്നു.
വിജയിച്ച ടീമിനുവണ്ടി ജഡ്ജിമാർ ഒത്തുകളിച്ചതായി രക്ഷിതാക്കൾ ആരോപിച്ചു. മത്സരം കാണുന്പോൾ ഒരു വിധി കർത്താവ് മൊബൈലിൽ വീഡിയോ പകർത്തുകയായിരുന്നുവെന്നും വിധി കർത്താക്കൾ പരസ്പരം ചർച്ച നടത്തിയെന്നും ആരോപിച്ചായിരുന്നു കുറ്റിപ്പുറം ഉപജില്ലയിൽ നിന്നെത്തിയ ടീമിന്റെ രംഗപ്രവേശം. തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന് ഇവർ വ്യക്തമാക്കി. ബഹളത്തിനിടെ രക്ഷിതാക്കളും മത്സരാർഥികളും പ്രോഗ്രാം കമ്മിറ്റി ഓഫീസിനു മുന്നിലെത്തി. നിലവിളിയുമായി അവിടെയെത്തിയ വിദ്യാർഥികൾ രോഷത്തോടെ പൊട്ടിത്തെറിച്ചു.
ഹൈസ്കൂൾ ഫലപ്രഖ്യാപനത്തിനു ശേഷം പ്രോഗ്രാം കമ്മിറ്റി ഓഫീസിലേക്ക് പോയിരുന്ന വിധികർത്താക്കൾ ഹയർ സെക്കൻഡറി വിധി നിർണയത്തിനായി വേദിയിലേക്കു പോകുന്പോഴും പ്രതിഷേധമുയർന്നു.ഹയർ സെക്കൻഡറി വിധി നിർണയത്തിനായി വിധികർത്താക്കൾ സ്റ്റേജിന് മുന്നിലെത്തിയതിന് പിന്നാലെയാണ് വിദ്യാർഥികൾ ഇവർക്കു നേരെ പാഞ്ഞടുത്തത്.
ഞൊടിയിടയിൽ സംഘാടകർ തടഞ്ഞതിനാൽ വിദ്യാർഥികൾക്കുവിധി കർത്താക്കളുടെ അടുത്തെത്താനായില്ല. അതോടെ രക്ഷിതാക്കൾ ബഹളമായി. ഇവിടെയെത്തിയ പോലീസുദ്യോഗസ്ഥർക്കു മുന്നിലും രക്ഷിതാക്കളും വിദ്യാർഥികളും രോഷം പ്രകടിപ്പിച്ചു.
വേദികളിൽ ഇന്ന്
വേദി1 ബോയ്സ് എച്ച്.എസ്.എസ്. ഗ്രൗണ്ട്: ഭരതനാട്യം ഭരതനാട്യം
വേദി2 ബോയ്സ് എച്ച്.എസ്.എസ്. ഗ്രൗണ്ട്: കോൽകളി
വേദി 3 ബി.പി. അങ്ങാടി ജി.എൽ.പി.എസ്. ഗ്രൗണ്ട്: സംസ്കൃതം: കഥാകഥനം(യു.പി.), നാടകം (യു .പി.)
വേദി 4 എൻ.എസ്.എസ്.എച്ച്.എസ്. ഗ്രൗണ്ട്: നാടകം (എച്ച്.എസ്.)
വേദി 5 പോളി ഹോസ്റ്റൽ ഗ്രൗണ്ട്: അറവനമുട്ട്, ഒപ്പന, അറവനമുട്ട്
വേദി6 ബോയ്സ് എച്ച്.എസ്.എസ്. യു.പി. ഗ്രൗണ്ട്: മോണോ ആക്ട്, ഹസ്കിറ്റ് (ഇംഗ്ലീഷ് )
വേദി7 പഞ്ചമി എൽ.പി. സ്കൂൾ: മോണോ ആക്ട് (യു.പി.), നാടകം (യു.പി)
വേദി8 ഗേൾസ് എച്ച്.എസ്. സ്റ്റേജ്: ഓട്ടൻ തുള്ളൽ
വേദി9 ബോയ്സ് എച്ച്.എസ്. നടുമുറ്റം: ഗസൽ, ഉറുദു സംഘഗാനം
വേദി10 ഗേൾസ് എച്ച്.എസ്. യു.പി. ഗ്രൗണ്ട്: അഷ്ടപദി, ഗാനാലാപനം
വേദി11 ബ്ലോക്ക്പഞ്ചായത്ത് ഹാൾ: കഥാപ്രസംഗം (യു.പി.), ദേശഭക്തി ഗാനം (യു.പി), സംഘഗാനം (യു.പി) .
വേദി12 ബി.പി. അങ്ങാടി ജി.എം.യു.പി എസ്. ഗ്രൗണ്ട്: ലളിതഗാനം
വേദി13 ജി.എം.യു.പി.എസ്. ബി.പി. അങ്ങാടി: അറബി പ്രസംഗം
വേദി14 ഡയറ്റ് ഹാൾ: സംസ്കൃതം പദ്യം, പ്രഭാഷണം (യു.പി.), അക്ഷര ശ്ലോകം
വേദി15 ഡയറ്റ് ഹാൾ: ഇംഗ്ലീഷ് പദ്യം
വേദി16 ഗേൾസ് യു.പി. ഹാൾ: തമിഴ് പദ്യം, തമിഴ് പ്രസംഗം