നഗരസഭാംഗത്തിന്റെ രാജി ആവശ്യപ്പെട്ട് കൗണ്‍സിൽ യോഗത്തിൽ പ്രമേയം
1244662
Thursday, December 1, 2022 12:25 AM IST
പെരിന്തൽമണ്ണ: വ്യാജരേഖ ചമച്ച് ഭൂമി തട്ടിപ്പ് നടത്തിയെന്ന കേസിലുൾപ്പെട്ട നഗരസഭാംഗത്തിന്റെ രാജി ആവശ്യപ്പെട്ട് കൗണ്‍സിൽ യോഗത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം.
അനുമതി നിഷേധിച്ചിട്ടും അവതരിപ്പിച്ച പ്രമേയം തള്ളിയതോടെ പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയി. പെരിന്തൽമണ്ണ നഗരസഭാ കൗണ്‍സിൽ യോഗം തുടങ്ങിയപ്പോൾ പച്ചീരി ഫാറൂഖാണ് പ്രമേയവുമായി എഴുന്നേ
റ്റത്. ആരോപണവിധേയയായ അംഗം സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും അതിനാൽ രാജിവയ്ക്കണമെന്നുമായിരുന്നു ആവശ്യം. എന്നാലിത് ഒരു കുടുംബത്തിലെ പ്രശ്നമാണെന്നും നഗരസഭാംഗമാകുന്നതിന് മുന്‍പത്തെ വിഷയമാണെന്നും അംഗമെന്ന നിലയിൽ അധികാര ദുർവിനിയോഗം നടത്തിയിട്ടില്ലെന്നും അത്തരത്തിൽ പരാതിയില്ലെന്നും ഭരണപക്ഷ അംഗങ്ങളായ കെ. സുബ്രഹ്മണ്യൻ, കെ. ഉണ്ണികൃഷ്ണൻ എന്നിവർ വിശദീകരിച്ചു. കുടുംബ പ്രശ്നമായല്ല ഉന്നയിക്കുന്നതെന്നും ഈ പ്രശ്നത്താൽ ചില കുടുംബങ്ങൾ പ്രതിസന്ധിയിലായിട്ടുള്ളതിനാൽ പ്രമേയത്തിന് പ്രസക്തിയുണ്ടെന്നും അംഗം പത്തത്ത് ജാഫർ പറഞ്ഞു. എന്നാൽ പ്രമേയത്തിനു അനുമതി നിഷേധിച്ചതാണെന്നും ആരോപണങ്ങൾ ഉയരുന്പോഴേ രാജിവയ്ക്കാനാകില്ലെന്നും രാഷ്ട്രീയ നിലപാടുകളുടെ ഭാഗമായാണ് പ്രതിപക്ഷം രാജി ആവശ്യപ്പെടുന്നതെന്നും വിശദീകരിച്ച ചെയർമാൻ പി. ഷാജി പ്രമേയം തള്ളിയതായി അറിയിച്ചു. ഇതോടെ പ്രതിപക്ഷാംഗങ്ങൾ ഇറങ്ങിപ്പോവുകയായിരുന്നു.