വാട്ടർ അഥോറിറ്റിയുടെ തട്ടിക്കൂട്ട് പൈപ്പ് നന്നാക്കൽ ഫലം കണ്ടില്ല
1244939
Friday, December 2, 2022 12:03 AM IST
നിലന്പൂർ: വാട്ടർ അതോറിറ്റിയുടെ തട്ടിക്കൂട്ട് പൈപ്പ് നന്നാക്കൽ ഫലം കണ്ടില്ല. നിലന്പൂർ കെ.എൻ.ജി. റോഡിൽ പെപ്പ് പൊട്ടി വെള്ളം റോഡിലേക്ക് ഒഴുകൽ തുടരുന്നു. നിലവിൽ കെഎൻജി റോഡിന്റെ പൊതുമരാമത്ത് ഓഫീസിന് സമീപം ഒരു ഭാഗം തോടായി മാറിക്കഴിഞ്ഞു. കുണ്ടും കുഴിയും നിറഞ്ഞ റോഡിന്റെ ഈ ഭാഗത്ത് മൂന്ന് ഇടങ്ങളിലാണ് വലിയ അളവിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനെ തുടർന്ന് വെള്ളം പുറത്തേക്ക് ഒഴുകുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഈ ഭാഗത്ത് പൈപ്പ് പൊട്ടി ശുദ്ധജലം വ്യാപകമായി പുറത്തേക്ക് ഒഴുകിയിരുന്നു. തുടർന്ന് വാട്ടർ അതോറിറ്റി വിഭാഗം പൈപ്പ് താത്കാലികമായി അടച്ച് പുറത്തേക്ക് ശുദ്ധജലം ഒഴുകി പോകുന്നത് തടഞ്ഞിരുന്നു. ദിവസങ്ങൾക്കുള്ളിലാണ് വീണ്ടും പൈപ്പുകൾ പൊട്ടി റോഡ് വീണ്ടും തോടായി മാറിയിരിക്കുന്നത്.
അന്തർ സംസ്ഥാന പാതയായ കഐൻജി റോഡിലൂടെ ആയിരക്കണക്കിന് വാഹനങ്ങളാണ് പൈപ്പുകൾ പൊട്ടിയ ഭാഗത്തു കൂടി കടന്നു പോകുന്നത്. റോഡിലെ ചെറുതും വലുതുമായ ഗർത്തങ്ങൾ മൂലം ഇരുചക്രവാഹനങ്ങൾക്കു പോലും കടന്നു പോകാൻ പ്രയാസപ്പെടുന്ന ഭാഗത്താണ് വാട്ടർ അതോറിറ്റിയുട പൈപ്പ് പൊട്ടി പുതിയ കുഴികളും രൂപപ്പെട്ടിരിക്കുന്നത്.