കലോത്സവ നഗരി സന്ദർശിച്ച് നടൻ മഖ്ബൂൽ സൽമാൻ
1245242
Saturday, December 3, 2022 12:40 AM IST
തിരൂർ: നൃത്തവേദികളിൽ അപ്രതീക്ഷിത അതിഥിയെത്തിയത് കലോത്സവ നഗരിയെ ആവേശത്തിലാഴ്ത്തി. സിനിമാ താരം മഖ്ബൂർ സൽമാനാണ് ജില്ലാ കലോത്സവ വേദിയിലെ പ്രധാന നഗരിയായ തിരൂർ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് കൂട്ടായിയിലെ പുതിയ സിനിമാ ലൊക്കേഷനിൽ നിന്നു നടൻ കലോത്സവം കാണാനെത്തിയത്. വേദി ഒന്നിൽ യുപി വിഭാഗത്തിന്റെ കുച്ചുപ്പുടി, ഭരതനാട്യം മത്സരങ്ങളും വേദി രണ്ടിൽ തിരുവാതിര മത്സരവും കാണികൾക്കിടയിൽ നിന്ന് വീക്ഷിച്ച ശേഷം നടൻ വിവിധ വേദികൾ സന്ദർശിച്ചു. 45 മിനിറ്റ് കലോത്സവ നഗരിയിൽ ചെലവഴിച്ചാണ് നടൻ മഖ്ബൂൽ സൽമാൻ മടങ്ങിയത്.
സംഘഗാനത്തിൽ സുല്ലമുസലാം സ്കൂൾ
തിരൂർ: സംഘഗാന മത്സരത്തിലെ കുത്തക തിരിച്ചു പിടിച്ച ആവേശത്തിലാണ് അരീക്കോട് സുല്ലമുസലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂൾ. അറബി സംഘഗാനത്തിനു പുറമെ മലയാളം, ഉറുദു സംഘഗാന മത്സരങ്ങളിലും വിജയികളായി. അറബി സംഘഗാന മത്സരമാണ് സുല്ലമുസലാമിനെ സ്ഥിരമായി വിജയത്തിലെത്തിച്ച മത്സരയിനം. കഴിഞ്ഞ മൂന്നു തവണകളിലായി ഈയിനത്തിൽ ഇവർക്കു ഒന്നാം സ്ഥാനം ജില്ലയിൽ നഷ്ടമായിരുന്നു.
ഇത്തവണ ഹൈസ്കൂൾ വിഭാഗം അറബി സംഘഗാന മത്സരത്തിൽ എ ഗ്രേഡോടെ സുല്ലമുസലാം ഒന്നാം സ്ഥാനം കരസ്ഥമാക്കി കുത്തക തിരിച്ചുപിടിച്ചു. ഹൈസ്കൂൾ വിഭാഗം മലയാളം സംഘഗാനം, യുപി വിഭാഗം ഉറുദു സംഘഗാനം എന്നീ മത്സരങ്ങളിലും എസ്ഒഎച്ച്എസ്എസ് ജേതാക്കളായി. സ്കൂളിലെ സംഗീതാധ്യാപകൻ ഹക്കീം പുൽപ്പറ്റയാണ് പരിശീലകൻ.