കേരളോത്സവം ആറു മുതൽ
1245250
Saturday, December 3, 2022 12:40 AM IST
മക്കരപ്പറന്പ: ഈ വർഷത്തെ ജില്ലാതല കേരളോത്സവം ആറു മുതൽ 14 വരെ മക്കരപ്പറന്പിൽ നടത്താൻ തീരുമാനമായി. ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും യൂത്ത് കോ-കോർഡിനേറ്റർമാരുടെയും യോഗം പ്രസിഡന്റ് എം.കെ. റഫീഖ ഉദ്്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം അധ്യക്ഷനായിരുന്നു. ആറിനു വൈകുന്നേരം നാലിനു സാംസ്കാരികഘോഷ യാത്രയോടെയാണ് തുടക്കം.
സ്കൂൾ വിദ്യാർഥികളുടെയും കുടുംബശ്രീയുടെയും യുവജനക്ലബുകളുടെയും വിവിധകലാരൂപങ്ങളും ബ്ലോക്ക് പഞ്ചായത്തുകളുടെ നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയിൽ അണിനിരക്കും. ഏഴു മുതൽ പത്തു വരെ കലാമത്സരങ്ങളും 11 മുതൽ 14 വരെ കായിക മത്സരങ്ങളും നടക്കും. ഇതുസംബന്ധിച്ച യോഗത്തിൽ യുവജന ക്ഷേമ ബോർഡ് മെംബർ ശരീഫ് പാലോളി, ജില്ലാ പ്രോഗ്രാം ഓഫീസർ ടി.എസ്. ലൈജു, സ്പോർട്സ് കൗണ്‍സിൽ പ്രതിനിധി മഹ്റൂഫ്, ജില്ലാ പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു. മക്കരപ്പറന്പ് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാഗതസംഘ യോഗം ചേർന്നു.
കഞ്ചാവ് കേസ്്: യുവാവിന് പത്തുവർഷം കഠിന തടവ്
മഞ്ചേരി : കഞ്ചാവ് കൈവശം വച്ചതിനു പിടിയിലായ യുവാവിനെ മഞ്ചേരി എൻഡിപിഎസ് സ്പെഷൽ കോടതി പത്തു വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴയടക്കാത്ത പക്ഷം ആറുമാസത്തെ അധിക കഠിന തടവു കൂടി അനുഭവിക്കണം. അമരന്പലം സ്വദേശി ചോലോത്ത് ജാഫറി (40)നെയാണ് ജഡ്ജി എം.പി ജയരാജ് ശിക്ഷിച്ചത്.