മലപ്പുറം: ക്രിസ്മസ്-പുതുവത്സരം പ്രമാണിച്ചു മയക്കുമരുന്ന് മാഫിയ സജീവമാകുന്നതു തടയാൻ ശക്തമായ നടപടി സ്വീകരിക്കണമെന്നു കേരളാ കോണ്ഗ്രസ്-ബി ജില്ലാ എക്സിക്യൂട്ടീവ് യോഗം സർക്കാരിനോടാവശ്യപ്പെട്ടു. കോടികളുടെ മയക്കുമരുന്നുകളാണ് ദിനംപ്രതി വിറ്റഴിക്കുന്നത്. ഇതിൽ ചെറിയ രീതിയിലുള്ള ലഹരിക്കടത്തുകാരാണ് പിടിക്കപ്പെടുന്നത്. വൻ സംഘങ്ങൾ ഇപ്പോഴും വിലസുകയാണെന്നു യോഗം ചൂണ്ടിക്കാട്ടി. ഇത്തരം സംഘങ്ങളെ പിടികൂടാൻ വിവിധ വകുപ്പുകൾ ഏകോപിച്ചു ശക്തമായ നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി ലിജോ ജോണ് യോഗം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞദിവസം എട്ടാംക്ലാസ് വിദ്യാർഥിനിയെ ലഹരിമാഫിയ ഭീഷണിപ്പെടുത്തി കരിയറാക്കിയ സംഭവം സമൂഹത്തിൽ ലഹരിമാഫിയയുടെ സ്വാധീനം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.പി പീറ്റർ അധ്യക്ഷനായിരുന്നു.
ജില്ലാ ജനറൽ സെക്രട്ടറി കെ.എം ജോസ്, ജില്ലാ വൈസ്പ്രസിഡന്റുമാരായ ഉണ്ണിരാജ, മുഹമ്മദ് റാഫി, ജില്ലാ സെക്രട്ടറിമാരായ വി.കെ ഷംസുദീൻ, മനോജ് പൂവഞ്ചേരി, നാസർ കൊട്ടാരം, രവീന്ദ്രൻ, സുധീഷ് എന്നിവർ പ്രസംഗിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റുമാരായ സഹീർ ഏറനാട്, അസൻ മഞ്ചേരി, ശശിന്ദ്രൻ മലപ്പുറം, ജമാൽഹാജി, സന്തോഷ്കുമാർ, റസാക്ക് വേങ്ങര, ജയൻ എടപ്പാൾ, അബ്ദു പൊന്നാനി, തോമസ് സെബാസ്റ്റ്യൻ, അബ്ദുറഹിമാൻ, അമീർ അലി തുടങ്ങിയവർ നേതൃത്വം നൽകി.