പ്രതിഷേധം ഫലം കണ്ടു; മലയോരപാത നിർമാണം വേഗത്തിൽ, രാത്രിയിലും പ്രവൃത്തി
1261277
Monday, January 23, 2023 12:46 AM IST
കരുവാരക്കുണ്ട്: ഏറെ വിവാദമായ കരുവാരക്കുണ്ടിലെ മലയോരപാത നിർമാണം വേഗത്തിൽ പൂർത്തീകരിക്കാൻ രാത്രിയിലും പ്രവൃത്തി നടക്കുന്നു. ടാറിംഗിന് മുന്നോടിയായി വെറ്റ് മിക്സിട്ട് പശയടിക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്.
ഒന്നരവർഷത്തോളമായി തുടരുന്ന മലയോരപാത നിർമാണത്തിനെതിരേ വിവിധ കോണുകളിൽ നിന്നു പ്രതിഷേധം കനത്തതോടെ കഴിഞ്ഞ ആഴ്ച്ച എ.പി.അനിൽകുമാർ എംഎൽഎ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ എംഎൽഎക്കെതിരേയും പ്രതിഷേധമുയർന്നിരുന്നു. തുടർന്നാണ് മലയോരപാത നിർമാണത്തിനു വേഗത കൈവന്നിരിക്കുന്നത്.
ഒരു മാസത്തിനകം കരുവാരക്കുണ്ട് അങ്ങാടി മുതൽ കണ്ണത്ത് വരെയുള്ള മൂന്നര കിലോമീറ്റർ ദൂരത്തിൽ ഒന്നാം ഘട്ട ടാറിംഗ് പൂർത്തീകരിക്കുമെന്നു കരാറുകാരൻ സർവകക്ഷി യോഗത്തിൽ ഉറപ്പു പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച്ച മുതൽ പ്രവൃത്തി വേഗമാക്കിയത്.
രാവിലെയും രാത്രിയുമായി പ്രവൃത്തി നടത്തി വേഗത്തിൽ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. മുന്പ് ക്വാറി വേസ്റ്റിട്ട ഭാഗത്ത് വെറ്റ്മിക്സ് നിരത്തി പശയടിക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. ഇതു പൂർത്തിയാകുന്ന മുറയ്ക്ക് ഒന്നാംഘട്ട റബ്ബറൈസിംഗ് പ്രവൃത്തി തുടങ്ങും. ഇതോടെ മാസങ്ങളായി തുടരുന്ന പൊടിശല്യത്തിനും പരിഹാരമാകും.