ദേവാലയ മുറ്റത്തുയർന്നതു മതസൗഹാർദത്തിന്റെ വിവാഹ പന്തൽ
1262018
Wednesday, January 25, 2023 12:34 AM IST
നിലന്പൂർ: കുരിശുപള്ളിയുടെ മുറ്റത്ത് വിവാഹപന്തലിനു സൗകര്യമൊരുക്കി ഇടിവണ്ണ സെന്റ് തോമസ് ഇടവക സമൂഹം. മതേതരത്വത്തിന്റെ നേർകാഴ്ച്ചയൊരുക്കിയാണ് ചാലിയാർ പഞ്ചായത്തിലെ പണപൊയിൽ കുരിശ് പള്ളിയുടെ മുറ്റത്തു കഴിഞ്ഞ ഞായറാഴ്ച വിവാഹ സൽക്കാരത്തിനു പന്തലിട്ടത്. പാവപ്പെട്ട കുടുംബത്തിനു ഇതു വലിയ ആശ്വാസമായി.
കുരിശ് പള്ളിക്ക് സമീപമുള്ള കാരക്കോടൻ ഉഷക്കും കുടുംബത്തിനുമാണ് പന്തൽ കെട്ടാൻ അനുമതി നൽകിയത്. ജാതിമത ഭേദമില്ലാതെ കുരിശ് പള്ളിയുടെ മുറ്റത്ത് നിർധന കുടുംബങ്ങൾക്കു ഇനിയും പന്തലൊരുക്കാൻ സൗകര്യം നൽകുമെന്നുഇടവക സമൂഹം പറയുന്നു. ദേവാലയ മുറ്റത്ത് പന്തൽ കെട്ടാൻ അനുമതി ലഭിച്ചതു ഏറെ സഹായകരമായെന്നു ഉഷ പറഞ്ഞു. തന്റെ മകളുടെ വിവാഹത്തിനാണ് പള്ളിമുറ്റത്ത് പന്തൽ കെട്ടിയത്. ഒരേ സമയം 120 പേർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ടായിരുന്നു. തീർത്തും സൗജന്യമായാണ് പള്ളിമുറ്റം അനുവദിച്ചത്. സുവർണ ജൂബിലി നിറവിൽ നിൽക്കുന്ന ഇടിവണ്ണ ഇടവക സമൂഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം സൗഹാർദത്തിന്റെയും മതേതരത്വത്തിന്റെയും കാഴ്ച്ചപ്പാടുകൾ ഉയർത്തിപിടിച്ചാണ് മുന്നോട്ടു പോകുന്നത്.