ഹോട്ടൽ ജീവനക്കാർക്ക് ആരോഗ്യ പരിശോധനയും സെമിനാറും നടത്തി
1263155
Sunday, January 29, 2023 11:24 PM IST
പെരിന്തൽമണ്ണ : കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ പെരിന്തൽമണ്ണ യൂണിറ്റിന്റെ നേതൃത്വത്തിൽ ഹോട്ടൽ ജീവനക്കാർക്ക് ആരോഗ്യ പരിശോധനയും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. സർക്കാർ ഫെബ്രുവരി മുതൽ ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയതിനു മുന്നോടിയായാണ് ക്യാന്പ് സംഘടിപ്പിച്ചത്.
പെരിന്തൽമണ്ണ ആര്യാസ് ഹോട്ടലിലും പട്ടിക്കാട് ബ്രദേഴ്സ് ഹോട്ടലിലും നടന്ന ക്യാന്പിൽ അഞ്ഞൂറോളം തൊഴിലാളികളെ രക്ത പരിശോധനകൾ ഉൾപ്പടെ വിവിധ പരിശോധനകൾക്ക് വിധേയരാക്കി. പ്രസിഡന്റ് കെ.ടി.അബ്ബാസ്, സെക്രട്ടറി എം.ബാലകൃഷ്ണൻ, ട്രഷറർ അബ്ദുറഹിമാൻ പാതാരി, ഒ.പി മുഹ്സിൻ അലി, സുധീർ ബാബു, സി.അഷ്റഫ്, സുരേഷ് അച്ചു എന്നിവർ നേതൃത്വം നൽകി.
ബോധവത്കരണ സെമിനാർ നഗരസഭ ചെയർമാൻ പി.ഷാജി ഉദ്ഘാടനം ചെയ്തു. ഭക്ഷ്യസുരക്ഷാ ഓഫീസർ മിനു റേച്ചൽ വർഗീസ്, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ദിലീപ്കുമാർ എന്നിവർ ക്ലാസെടുത്തു. അസോസിയേഷൻ ജില്ലാ ഭാരവാഹികൾ പങ്കെടുത്തു. മുഴുവൻ തൊഴിലാളികളെയും പരിശോധനക്ക് വിധേയരാക്കുന്നതിനായി തുടർ ക്യാന്പുകൾ സംഘടിപ്പിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.