അശാസ്ത്രീയ പരിശോധന: ക്രഷർ - ക്വാറി പ്രവർത്തനം ഇന്നു മുതൽ നിർത്തും
1263158
Sunday, January 29, 2023 11:24 PM IST
മലപ്പുറം: പോലീസ്, മോട്ടോർ വാഹന, ഖനന വ്യവസായ, അനുബന്ധ വകുപ്പുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ പരിശോധനയിൽ പ്രതിഷേധിച്ച് ഇന്നുമുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താൻ മലപ്പുറത്ത് ചേർന്ന ക്രഷർ, ക്വാറി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. വകുപ്പുകളുടെ ദോഷകരമായ സമീപനം കാരണം ഈ വ്യവസായത്തിനു വലിയ നഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നു യോഗം വിലയിരുത്തി.
കരിങ്കൽ ഉത്പ്പന്നങ്ങളുടെ നീക്കത്തിനു ഉപയോഗിക്കുന്ന വാഹനങ്ങളുടെ ശേഷിക്ക് പൂർണ അളവിൽ അനുമതി നൽകണമെന്നു പല തവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും അതു പരിഗണിക്കാതെയാണ് ഇപ്പോൾ സംസ്ഥാനത്താകമാനം അനാവശ്യ പരിശോധനയും അമിതമായ പിഴ ഈടാക്കലും ലൈസൻസ് റദ്ദാക്കലും നടക്കുന്നതെന്നു ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
ഇതു ഉടൻ നിർത്തലാക്കണം. ക്വാറികൾ പ്രവർത്തിക്കുന്നതിനുള്ള പരിസ്ഥിതി അനുമതിക്കായി മൂന്നു വർഷത്തിൽ കൂടുതലായി ക്വാറി ഉടമകൾ നൽകിയ അപേക്ഷകൾ തീരുമാനമെടുക്കാതെ കെട്ടിക്കിടക്കുകയാണ്. ക്രഷർ, ക്വാറികൾക്ക് എതിരായി ലഭിക്കുന്ന പരാതികളിൽ വിശദീകരണമോ പരിശോധനയോ നടത്താതെ ഈ വ്യവസായ മേഖലയെ തകർക്കുന്ന സമീപനമാണ് ബന്ധപ്പെട്ടവർ സ്വീകരിക്കുന്നതെന്നു ഭാരവാഹികൾ പറയുന്നു.
ഈ വിഷയത്തിൽ ഉടൻ സർക്കാർ ഇടപെട്ട് നീതി ലഭ്യമാക്കണം. സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയിൽ പാറ ഖനനത്തിനായി അനുമതി ലഭ്യമാകുന്നതിന് ഏർപ്പെടുത്തുന്ന ലേല സന്പ്രദായം നിർത്തലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഏകോപന സമിതി ജില്ലാ കണ്വീനർ കെ.എം കോയാമു യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ ജമാൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഓൾ കേരള ക്രഷർ ഓണേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എ. ബീരാൻകുട്ടി, ക്വാറി അസോസിയേഷൻ ജില്ലാ സെക്രട്ടറി റസാഖ് പട്ടാക്കൽ എന്നിവർ പ്രസംഗിച്ചു.