ലീഗ് മണ്ഡലം തെരഞ്ഞെടുപ്പ് കോടതി സ്റ്റേ ചെയ്തു
1264660
Saturday, February 4, 2023 12:03 AM IST
പെരിന്തൽമണ്ണ: ഇന്നു നടക്കേണ്ടിരുന്ന മുസ്ലിം ലീഗ് പെരിന്തൽമണ്ണ മണ്ഡലം തെരഞ്ഞെടുപ്പ് മുനിസിഫ് കോടതി സ്റ്റേ ചെയ്തു. ഏലംകുളം ഗ്രാമപഞ്ചായത്ത് ലീഗ് പ്രസിഡന്റായിരുന്ന അബ്ദുറഹ്മാൻ അടക്കം ഏതാനും പേരുടെ പരാതിയിലാണ് സ്റ്റേ നടപടി. ഏലംകുളം മണ്ഡലത്തിൽ കൗണ്‍സിൽ അംഗങ്ങളെ കണ്ടെത്താനുള്ള യോഗം പകുതിയിലധികം ലീഗ് അംഗങ്ങളും ബഹിഷ്കരിച്ചിരുന്നു.
ലീഗിന്റെ മെംബർഷിപ്പ് ചട്ട പ്രകാരം പഞ്ചായത്തു തലത്തിൽ പകുതിയിലധികം അംഗങ്ങൾ ബഹിഷ്കരിച്ചാൽ മേൽഘടകം തെരഞ്ഞെടുപ്പ് നടത്തരുതെന്നാണ്. എന്നാൽ ചട്ടം ലംഘിച്ചാണ് ഇന്നു കൗണ്‍സിൽ അംഗങ്ങളെ കണ്ടെത്തുന്നതെന്നാണ് പരാതി.
ആറു വർഷത്തിന് ശേഷമാണ് മണ്ഡലം കൗണ്‍സിൽ തെരഞ്ഞെടുപ്പ് നടത്തുന്നത്. ആറു വർഷം മുന്‍പ് ജില്ലയിലെ 15 മണ്ഡലങ്ങിലും തെരഞ്ഞെടുപ്പ് നടത്തി കൗണ്‍സിൽ ഭാരവാഹികളായപ്പോൾ പെരിന്തൽമണ്ണയിൽ മാത്രം മണ്ഡലം കൗണ്‍സിൽ അംഗങ്ങളെ നോമിനേറ്റ് ചെയ്തത് വൻ വിവാദമായിരുന്നു. ലീഗ് ജില്ലാ വൈസ് പ്രസിഡന്റായ എം.കെ ബാവ കൗണ്‍സിൽ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയപ്പോഴാണ് കോടതിയുടെ സ്റ്റേ ഉത്തരവ് വരുന്നത്.