മകളുടെ ഭർത്താവ് കുത്തിപരിക്കേൽപ്പിച്ചു
1265486
Monday, February 6, 2023 11:20 PM IST
നിലന്പൂർ: മകളുടെ ഭർത്താവിൽ നിന്ന് പിതാവിന് കുത്തേറ്റു. നിലന്പൂർ രാമംകുത്ത് ചേറ്റുപറന്പത്ത് രാജനാണ് (53) കത്രിക കൊണ്ടുള്ള കുത്തേറ്റത്. രാജന്റെ രാമംകുത്തുള്ള പലചരക്കു കടയിൽ വച്ച് ഇന്നലെ ഉച്ചക്ക്ശേഷം മൂന്നരയോടെയാണ് സംഭവം. കടയിലുണ്ടായിരുന്ന മത്സ്യം മുറിക്കുന്ന കത്രികയെടുത്താണ് കുത്തിയതെന്നു രാജൻ പറഞ്ഞു. നെഞ്ചിലും മുതുകിലും വയറ്റിലുമാണ് കുത്തേറ്റത്. മുതുകിലുള്ള മുറിവിനു ആഴമുണ്ട്. സംഭവത്തെ തുടർന്ന് ഓടിക്കൂടിയ അയൽക്കാരാണ് രാജനെ നിലന്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതി സംഭവസ്ഥലത്ത് നിന്നു ഓടിരക്ഷപ്പെടുകയായിരുന്നു.
രണ്ടുവർഷം മുന്പാണ് രാജന്റെ മകൾ ഇതരമതസ്ഥനായ യുവാവുമായി പ്രണയത്തിലായി വിവാഹം കഴിച്ചത്. അതിൽ ഏഴുമാസം പ്രായമുള്ള ഒരു കുട്ടിയുമുണ്ട്. ഏതാനും ദിവസം മുന്പ് മകൾ രാജനെ വിളിച്ച് തന്നെ കൂട്ടിക്കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ടതായി രാജൻ പറഞ്ഞു. ഇതിനെ തുടർന്ന് രണ്ടു ദിവസം മുന്പു മകളെ രാജൻ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി രാജനിൽ നിന്നു വിവരങ്ങൾ തേടി.