കിടപ്പിലായ രോഗികൾക്ക് നവോന്മേഷമേകി സ്നേഹ സംഗമം
1279169
Sunday, March 19, 2023 11:29 PM IST
പള്ളിക്കുന്ന്: ആലിപ്പറന്പ് ഗ്രാമപഞ്ചായത്തിന്റെ കീഴിൽ കിടപ്പിലായ രോഗികൾക്ക് പരിചരണം നൽകുന്നതിന് വേണ്ടി സ്തുത്യർഹമായ സേവനം നടത്തിക്കൊണ്ടിരിക്കുന്ന പരിരക്ഷാ പദ്ധതിയുടെ ആഭിമുഖ്യത്തിൽ ‘രോഗി, ബന്ധു സംഗമം’ നടത്തി. പള്ളിക്കുന്ന് ടി.എസ്. ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ വർഷങ്ങളായി വീടിനുള്ളിൽ ഒതുങ്ങിക്കഴിയുന്ന രോഗികൾക്ക് പുറംലോകവുമായി ബന്ധപ്പെടാനും പരസ്പരം സ്നേഹവും സൗഹൃദവും പങ്കുവെക്കാനും ലഭിച്ച മഹത്തായ അവസരം ഏറെ സന്തോഷത്തോടും ആനന്ദത്തോടും കൂടിയാണ് ഓരോരുത്തരും വിനിയോഗിച്ചത്.
സംഗീതവിരുന്നിന്റെ അകന്പടിയോടുകൂടി നടന്ന പരിപാടി ഒറ്റപ്പെടലിന്റെയും ശാരീരിക അസ്വസ്ഥതകളുടെയും വേദനകൾ മറക്കാനും പുതിയ കരുത്ത് നേടാനും സാധിച്ചു എന്ന ആത്മസംതൃപ്തിയോടുകൂടിയാണ് ഓരോരുത്തരും പിരിഞ്ഞത്. സംഗമത്തിൽ പങ്കെടുത്ത മുഴുവനാളുകൾക്കും ആവശ്യമായ ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തി വളരെ വിപുലമായ രീതിയിലാണ് പരിപാടി നടന്നത്. സംഗമത്തിൽ പങ്കെടുത്ത രോഗികൾക്ക് ഗിഫ്റ്റുകൾകൂടി നൽകിയാണ് അവരെ യാത്രയാക്കിയത്. ട്രോമ കെയർ വോളണ്ടിയർമാരും പാറൽ വാഫി കോളജിലെ വിദ്യാർഥികളും ആശാവർക്കർമാരും രോഗികളെ എത്തിക്കാനും തിരിച്ചുകൊണ്ടു വിടാനും നേതൃത്വം നൽകി.
കണ്ണിന് കുളിർമയായി കലാ പരിപാടികൾക്ക് ആശാ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, പരിരക്ഷ രോഗികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ നേതൃത്വം നൽകി. ആലിപ്പറന്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അഫ്സൽ ഉദ്ഘാടനം ചെയ്തു.
പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. മാനു അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മജീദ് മാസ്റ്റർ, ടി.കെ. നവാസ്, വാഹിദ ടീച്ചർ, മെന്പർമാരായ മുബാറക്ക് അലി, സി.എച്ച്. ഹമീദ്, സി.എച്ച്. ഹംസക്കുട്ടി, ജുബില ലത്തീഫ്, സജിത, ശാരദ മോഹൻദാസ്, വസന്ത, സരോജ ദേവി, സജിത, മോഹൻ ദാസ് നെടുന്പട്ടി, ബഷീർ തൂളിയത്, അബ്ബാസ്, പി.കെ. സുലൈമാൻ, ഷെരീഫ് പാറൽ, മോഹനൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.പി. സുനിൽ കുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. നവാസ്, ഹെൽത് ഇൻസ്പെക്ടർ ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.