മഹാഗണി തോട്ടത്തിൽ തീപിടിത്തം
1280043
Thursday, March 23, 2023 12:16 AM IST
നിലന്പൂർ: ചാലിയാർ മുക്ക് പനയംകോട് മഹാഗണി തോട്ടത്തിൽ തീപിടിത്തം. വനം വകുപ്പും അഗ്നി രക്ഷാസേനയും ചേർന്ന് തീയണച്ചു. ചൊവ്വാഴ്ച്ച വൈകുന്നേരമാണ് മഹാഗണി തോട്ടത്തിലെ കാടിനു തീപിടിച്ചത്. ഒരു ഹെക്ടറിലേറെ ഭാഗം കത്തിയമർന്നു. വനം റിസർച്ച് വിഭാഗത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന സംരക്ഷിത വനമേഖലയിലാണ് മഹാഗണി തോട്ടമുള്ളത്. തീ പടർന്നതോടെ ഇടിമിന്നലേറ്റതിനെ തുടർന്ന് ഉണങ്ങി നിന്ന മഹാഗണി മരം ഉൾപ്പെടെ കത്തിനശിച്ചു.
ഉണങ്ങിയ മരങ്ങൾക്കും തീപിടിച്ചു.
ഇതേ തുടർന്നാണ് വനംവകുപ്പ് അഗ്നി രക്ഷാസേനയുടെ സഹായം തേടിയത്. നിലന്പൂർ യൂണിറ്റിലെ സീനിയർ ഫയർ ഓഫീസർ സാബുവിന്റെ നേതൃത്വത്തിൽ രണ്ടു വാഹനങ്ങളിലായി എത്തിയ അഗ്നി രക്ഷാസേനാംഗങ്ങൾ തീ പൂർണമായും അണച്ചു. വേനൽ ചൂടിൽ നിലന്പൂർ വനമേഖലയുടെ വിവിധ ഭാഗങ്ങളിൽ കാട്ടുതീ പടരുന്നതിനിടയിലാണ് മഹാഗണി തോട്ടത്തിൽ തീ പടർന്നത്. പനയംകോട് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പി.എൻ.സജീവൻ, വള്ളുവശേരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ശ്രീജിത്ത്, വനപാലകർ, അഗ്നി രക്ഷാസേനയിലെ ഫയർ ഓഫീസർ ഷാദ് ഹമ്മദ്, ഇല്ല്യാസ്, മെഹബൂബ്, നവീൻ, അബ്ദുൾ സലാം, പ്രകാശ് എന്നിവർ തീയണക്കാൻ നേതൃത്വം നൽകി.
വാളംതോട് കുരിശ് മലയിൽ
കാട്ടുതീ പടരുന്നു
നിലന്പൂർ:കോഴിപ്പാറ ടൂറിസ്റ്റ് കേന്ദ്രത്തിനു സമീപം വാളംതോട് കുരിശ് മലയിൽ കാട്ടുതീ പടരുന്നു. ഏക്കർ കണക്കിന് പുൽമേടുകൾ കത്തിനശിച്ചു. ഇന്നലെ ഉച്ചക്ക് ശേഷമാണ് മേഖലയിൽ കാട്ടുതീ പടർന്നത്. വനപാലകരുടെ നേതൃത്വത്തിൽ തീയണക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാൽ മേഖലയിൽ കാറ്റ് ശക്തമായതിനാൽ തീ പടരാനുള്ള സാധ്യതയുണ്ട്. ചാലിയാർ പഞ്ചായത്തിലെ ഒന്നാം വാർഡായ വാളംതോട്ടിലുള്ള പ്രധാന ടൂറിസം കേന്ദ്രം കൂടിയാണ് കുരിശുമല.
നൂറുക്കണക്കിന് വിനോദ സഞ്ചാരികളെത്തുന്ന സ്ഥലമാണിത്. സ്വഭാവികമായി തീ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. നിലന്പൂർ മേഖലയിലെ പ്രധാന പുൽമേടുകളിൽ ഒന്നാണിത്. വേനൽ കടുത്തതോടെ വനമേഖലയിൽ തീപിടിത്തം വ്യാപകമാവുകയാണ്. പുൽമേടിനോട് ചേർന്നു കൃഷിയിടങ്ങളുള്ള കർഷകർ ആശങ്കയിലാണ്.