അങ്ങാടിച്ചിറ വറ്റിയതു ഇക്കോ വില്ലേജിന്റെ പ്രവർത്തനത്തെ ബാധിച്ചു
1281021
Sunday, March 26, 2023 12:07 AM IST
കരുവാരകുണ്ട്: ഇക്കോ വില്ലേജിന്റെ പ്രധാന ആകർഷണ കേന്ദ്രമായിരുന്ന ഒലിപുഴയിൽ നിർമിച്ച അങ്ങാടിച്ചിറയിലെ വെള്ളം വറ്റിയതോടെ ഇക്കോ വില്ലേജിന്റെ പ്രവർത്തനത്തെയും ജലനിധി പദ്ധതിയെയും സാരമായി ബാധിച്ചു.
വിനോദയാത്രികരുടെ പ്രത്യേക ആകർഷണമായിരുന്ന ചിറയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന പെഡൽ ബോട്ടുകളെല്ലാം ചിറയുടെ തകർച്ചയെ തുടർന്ന് രണ്ടു വർഷം മുന്പ് അധികൃതർ കരയിലെത്തിച്ചിരുന്നു. ചിറയിലെ വെള്ളം ഇത്രയും നേരത്തെ വറ്റിയ ചരിത്രമുണ്ടായിട്ടില്ലെന്നു ആളുകൾ പറയുന്നു. ചിറയിൽ അടിഞ്ഞുകൂടിയ ചെളി ഉടൻ നീക്കം ചെയ്തില്ലെങ്കിൽ ജലനിധി പദ്ധതിയെയും ബാധിക്കും. ഒലിപുഴയിലാണ് ജലനിധിയുടെ കിണറുകൾ നിർമിച്ചിരിക്കുന്നത്. ചെളി കിണറുകളിൽ ഒഴുകിയെത്തുന്നതിനെ തുടർന്ന് വിതരണം നടത്തുന്ന വെള്ളം ഉപയോഗശൂന്യമാണെന്നും പരാതിയുണ്ട്. പരിസര പ്രദേശങ്ങളിലുള്ളവർ നീന്തൽ പഠിക്കുന്നത് അങ്ങാടിച്ചിറയിലായിരുന്നു. ചിറവറ്റിയതോടെ താഴ്ന്ന പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളവും വറ്റി തുടങ്ങി. ജല സമൃദ്ധിയുടെ പേരുകേട്ട കരുവാരകുണ്ടിൽ ഒലിപുഴ വറ്റിയ ചരിത്രമില്ല. കാലവർഷത്തിനു പിന്നാലെ തുലാവർഷവും ചതിച്ചതാണ് രൂക്ഷമായ വരൾച്ചക്കു സാഹചര്യമൊരുക്കിയത്.