കട്ടിൽ വിവാദം: ബിജെപി കൗണ്സിലർ രാജിവയ്ക്കണമെന്ന് സിപിഎം
1281917
Tuesday, March 28, 2023 11:41 PM IST
നിലന്പൂർ: വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണത്തിൽ അഴിമതി നടത്തിയ ബിജെപി കൗണ്സിലർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സിപിഎം രംഗത്ത്. നിലന്പൂർ നഗരസഭയുടെ രണ്ടാം ഡിവിഷനായ കോവിലകത്തുമുറിയിലെ കൗണ്സിലറും ബിജെപി നേതാവുമായ എം.കെ വിജയനാരായണനെതിരെയാണ് സിപിഎം കോവിലകത്തുമുറി ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി പി. അനിൽ രാജിയാവശ്യവുമായി രംഗത്തുവന്നത്. 2022-23 സാന്പത്തിക വർഷത്തിൽ വയോജനങ്ങൾക്കായി കോവിലകത്തുമുറി ഡിവിഷനിൽ അനുവദിച്ച കട്ടിലുകൾ യഥാർഥ ഗുണഭോക്താവിന് നൽകാതെ മറിച്ചുവിറ്റുവെന്നു സിപിഎം നേരത്തെ ആരോപിച്ചിരുന്നു.
കമ്മാടത്ത് പുത്തൻവീട്ടിൽ പത്മാവതിഅമ്മക്ക് അനുവദിച്ച കട്ടിലാണ് തിരിമറി നടത്തിയതെന്നു അനിൽ പറഞ്ഞു. സിപിഎം ഉന്നയിച്ച അഴിമതി സത്യമാണെന്ന് പുറത്തു വന്ന സാഹചര്യത്തിൽ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്തു കൗണ്സിലർ തൽസ്ഥാനം രാജിവയ്ക്കണം. അല്ലാത്തപക്ഷം രാജിവയ്ക്കും വരെ സിപിഎം സമരവുമായി മുന്നോട്ട് പോകുമെന്നും അനിൽ പറഞ്ഞു.