പെരിന്തൽമണ്ണ: ആലിപ്പറന്പിലുള്ള 65 കാരനെ രാത്രി സ്ത്രീ വിളിച്ചുവരുത്തി ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയയെന്ന പരാതിയിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ആലിപ്പറന്പ് വട്ടപ്പറന്പിലെ ഷബീറലി (36), താഴേക്കോട് ബിടാത്തി തൈക്കോട്ടിൽ ജംഷാദ് (22) എന്നിവരെയാണ് പെരിന്തൽമണ്ണ പോലീസ് അറസ്റ്റു ചെയ്തത്. ആലിപ്പറന്പ് സ്വദേശി എസ്പിക്കു നൽകിയ പരാതിയിലാണ് ഇവരെ പിടികൂടിയത്. ഇക്കഴിഞ്ഞ മാർച്ച് 18 ന് സ്ത്രീ രാത്രി വീട്ടിലേക്ക് ക്ഷണിക്കുകയുമായിരുന്നു. സ്ത്രീയുടെ വീടിനു സമീപം എത്തിയപ്പോൾ രണ്ടു മുതൽ അഞ്ചുവരെയുള്ള പ്രതികൾ ഭീഷണിപ്പെടുത്തി മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടു. രണ്ടു ലക്ഷം രൂപ മാർച്ച് 20 നും ബാക്കി മൂന്നു ലക്ഷം ഏപ്രിൽ ഒന്നിനും കൈമാറാമെന്നു സമ്മതിച്ചതിനാലാണ് വിട്ടയച്ചത്. രണ്ടു ലക്ഷം രൂപ താഴേക്കോട് വച്ചാണ് കൈമാറിയത്. ബാക്കി തുക കൈമാറും മുന്പ് പ്രചാരണം തുടങ്ങിയതോടെയാണ് പരാതിക്കാരൻ എസ്പിക്കു പരാതി നൽകിയത്. കേസിലെ ഒരു പ്രതിക്ക് പരിചയമുള്ള സ്ത്രീയെ ഉപയോഗിച്ച് കുരുക്കുകയായിരുന്നു. പ്രതികളെ പെരിന്തൽമണ്ണ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.